പെരുങ്കൊല്ലന്‍തോട് കൈയേറ്റത്തിനെതിരെ ജനകീയപ്രതിഷേധം

പന്തീരാങ്കാവ്: മാമ്പുഴയുടെ കൈവഴിയായ പെരുങ്കൊല്ലന്‍തോട് കൈയേറി കോണ്‍ക്രീറ്റ് സ്ളാബിട്ട് മൂടിയ നടപടിക്കെതിരെ പെരുങ്കൊല്ലന്‍ തോട് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമം. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകളിലൂടെ ഒഴുകി മാമ്പുഴയുമായി ചേരുന്ന തോടിന്‍െറ കരയിലുള്ള സ്വകാര്യ കെട്ടിടനിര്‍മാതാക്കളാണ് തോടിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ളാബിട്ടത്. സ്വകാര്യ ഫ്ളാറ്റുകളിലെ മാലിന്യം തോട്ടിലേക്കൊഴുക്കിവിടാനാണ് തോട് സ്ളാബിട്ട് മൂടുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതിനെതിരെ ഗ്രാമപഞ്ചായത്തിലും ജില്ലാ കലക്ടര്‍, ഓംബുഡ്സ്മാന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും അനധികൃതമായി തോടിന് മുകളില്‍ സ്ളാബിട്ട് മൂടുകയായിരുന്നു. വേനലില്‍ ശുദ്ധജലക്ഷാമമനുഭവിക്കുന്ന പ്രദേശത്ത് കിണറുകളുടെ ജലസ്രോതസ്സാണ് ഈ തോട്. കിണറുകളിലെ കുടിവെള്ളത്തിലും മാലിന്യം കലര്‍ത്തുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഡി.കെ. ബാബു ഉദ്ഘാടനം ചെയ്തു. പി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മാമ്പുഴ സംരക്ഷണസമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ്, ടി.വി. രാജന്‍ (പ്രകൃതിസംരക്ഷണ സമിതി), രവീന്ദ്രന്‍ പറശ്ശേരി (സി.പി.എം), രാധാകൃഷ്ണന്‍ മരക്കാട്ട് (കോണ്‍), സജീവ് പടിക്കപ്പുറത്ത് (ബി.ജെ.പി), വി.പി. സലീം (മുസ്ലിം ലീഗ്) എന്നിവര്‍ സംസാരിച്ചു. വാസുണ്ണി നായര്‍ സ്വാഗതവും കെ. പ്രവീണ്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.