പന്നിമുക്കില്‍ സംഘര്‍ഷം : എസ്.ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് പരിക്ക്

പേരാമ്പ്ര: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പന്നിമുക്കില്‍ എസ്.ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. മേപ്പയൂര്‍ എസ്.ഐ പി.കെ. ജിതേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇ. യൂസഫ്, സുബ്രഹ്മണ്യന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സതേടി. മുപ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പന്നിമുക്കില്‍ സി.പി.എം അനുഭാവിയായ കാറപ്പാടിന്‍റവിട മോഹനന് കുത്തേല്‍ക്കുകയും ഭാര്യക്കും മക്കള്‍ക്കും അയല്‍വാസിയുടെ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപണം. ഈ കേസിലെ പ്രതികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ തേജോവധം ചെയ്യുന്നതായും ആരോപിച്ച് ഞായറാഴ്ച ബി.ജെ.പി നേതൃത്വത്തില്‍ ഓട്ടുവയലില്‍നിന്ന് പന്നിമുക്കിലേക്ക് പ്രകടനം നടത്തി. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആഫിഖിനെ ബി.ജെ.പിക്കാര്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്തു. ഈ സമയം പൊലീസ് കൂടുതല്‍ പ്രശ്നമുണ്ടാവാതിരിക്കാന്‍ ജീപ്പില്‍ കയറ്റി. അതോടെ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാഞ്ഞത്തെുകയും ആഫിഖിനെ ജീപ്പില്‍നിന്ന് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു തടഞ്ഞ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നത്രെ. സംഘര്‍ഷം നിലനില്‍ക്കുന്ന പന്നിമുക്കില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.