ഇ.എം.എസ് ഫ്ളാറ്റിനെതിരെ യൂത്ത് ലീഗ്

ഫറോക്ക്: ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തിനായി നിര്‍മിച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഇ.എം.എസ് ഹെറിറ്റേജ് ഫ്ളാറ്റ് സമുച്ചയത്തിനെതിരെ യൂത്ത് ലീഗ്. കുടിവെള്ളം കിട്ടാത്തിടത്ത് ഫ്ളാറ്റുകള്‍ പണിത് പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പിക്കുകയാണ് ഫറോക്ക് ഗ്രാമപഞ്ചായത്ത് ചെയ്യുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വോട്ട് തട്ടാനായി 24 കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത് തടയണം. ചതുപ്പുനിലത്ത് ഫ്ളാറ്റ് പണിയുന്നതിനെതിരെ തങ്ങള്‍ നേരത്തേ പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍തന്നെ ആവശ്യത്തിന് വെള്ളമില്ലാത്ത മേലായി വളപ്പ് പദ്ധതിയില്‍നിന്ന് ഇനിയും 24 കണക്ഷന്‍ നല്‍കാന്‍ തങ്ങള്‍ അനുവദിക്കില്ല. ഭരണസമിതിയുടെ അഴിമതിക്കുവേണ്ടി ചതുപ്പുനിലം മാര്‍ക്കറ്റ് വിലയേക്കാള്‍ നല്‍കി വാങ്ങുകയായിരുന്നെന്ന് യൂത്ത് ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്‍റ് ഡി.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എം. ഹനീഫ, പി.സി. യൂനുസ് സലീം, കെ.കെ. അന്‍വര്‍ അലി, കെ.പി. ഫൈസല്‍, എന്‍. റിയാസ്, പി. നൗഷാദ്, ടി.പി. മുഹമ്മദ് ഷമീര്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, തിങ്കളാഴ്ച എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്ന ഫ്ളാറ്റിന്‍െറ വിവരങ്ങളുമായി ഇറങ്ങിയ സപ്ളിമെന്‍റില്‍ തന്‍െറ ഫോട്ടോവെച്ച് പ്രസിദ്ധീകരിച്ച കുറിപ്പ് വ്യാജമാണെന്ന് മുസ്ലിംലീഗ് വനിതാ വാര്‍ഡ് അംഗം എം.എം. ജമീല അറിയിച്ചു. താന്‍ എഴുതി നല്‍കിയ കാര്യങ്ങള്‍ അവഗണിച്ച് മറ്റു പലതും തന്‍െറ പേരില്‍ എഴുതിച്ചേര്‍ത്തതാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് കത്ത് നല്‍കിയതായും അവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.