റേഷന്‍കാര്‍ഡ് : തിരുത്തല്‍ നടപടികള്‍ ലഘൂകരിക്കാത്തത് ദുരിതമാകുന്നു

കോഴിക്കോട്: വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടും ഓണ്‍ലൈനിലെ തെറ്റുതിരുത്താന്‍ പരക്കംപായുകയാണ് ലക്ഷക്കണക്കിന് സാധാരണക്കാര്‍. പുതിയ റേഷന്‍കാര്‍ഡിനുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ തിരുത്തുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20വരെ നീട്ടിയെങ്കിലും ഇപ്പോഴും അക്ഷയ സെന്‍ററുകളിലും ഇന്‍റര്‍നെറ്റ് കഫേകളിലും തിരക്കൊഴിഞ്ഞ നേരമില്ല. തെറ്റുതിരുത്താനായി കൈയില്‍നിന്ന് പണം മുടക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. 10 മുതല്‍ 30 രൂപയിലധികമാണ് തിരുത്തലിന് ചെലവാകുന്നത്. ഓണ്‍ലൈനിലെ വിവരങ്ങള്‍ പ്രിന്‍റ് എടുക്കുമ്പോള്‍ അതിനുള്ള പണവും നല്‍കേണ്ടിവരുകയാണ്. ഇനി തിരുത്തിയാല്‍തന്നെ തിരുത്തു വന്നോ എന്നറിയാനും മാര്‍ഗമില്ല. സെപ്റ്റംബര്‍ ഏഴു മുതല്‍ താലൂക്ക് സപൈ്ള ഓഫിസുകളില്‍ നേരിട്ടത്തെി തിരുത്താമെന്ന് സിവില്‍ സപൈ്ളസ് വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍, ഒരു താലൂക്കില്‍ ശരാശരി അഞ്ചുലക്ഷത്തിലധികം കാര്‍ഡുടമകളുണ്ടാകും. ഈ സാഹചര്യത്തില്‍ 20നുള്ളില്‍ താലൂക്ക് ഓഫിസില്‍ നേരിട്ടത്തെി തിരുത്തുകയെന്നത് ഫലത്തില്‍ ജനങ്ങള്‍ക്ക് ഇരട്ടിദുരിതമാകാനാണ് സാധ്യത. ഉള്‍പ്രദേശങ്ങളിലുള്ളവര്‍വരെ ദൂരെയുള്ള താലൂക്ക് സപൈ്ള ഓഫിസില്‍ തിരുത്താനായി എത്തണം. പലരും റേഷന്‍കാര്‍ഡിലെ വിവരങ്ങള്‍കണ്ട് അന്തംവിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി പെന്‍ഷനായവര്‍ മരം വെട്ടുക്കാരനും കല്ലുവെട്ടുകാരനുമായി. ചിലര്‍ക്ക് വാര്‍ഷികവരുമാനം പൂജ്യം. ചിലതില്‍ മക്കളുടെ പേര് എല്ലാം ഒന്ന്. വാര്‍ഡിന്‍െറ പേര്, ജനനത്തീയതി, പേര്, ഫോട്ടോ തുടങ്ങിയവ രേഖപ്പെടുത്തിയത് പലതിലും അബദ്ധപഞ്ചാംഗമാണ്. ഈ സാഹചര്യത്തില്‍ തെറ്റുതിരുത്താനായില്ളെങ്കില്‍ റേഷന്‍കാര്‍ഡ് കൊണ്ടുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാതാകും. തെറ്റുതിരുത്തല്‍ പ്രക്രിയ എളുപ്പമാക്കുന്നതിന് അതത് പഞ്ചായത്തുകളില്‍ അതിനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്ന് ജനങ്ങളും റേഷന്‍വ്യാപാരികളും ആവശ്യപ്പെടുന്നു. ഈ ആവശ്യം വകുപ്പ് മന്ത്രിയെ റേഷന്‍വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. താലൂക്ക് സപൈ്ള ഓഫിസിനു പുറമെ അതത് പഞ്ചായത്തുകളില്‍ കൗണ്ടറുകള്‍ തുടങ്ങി റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈനിലെ വിവരങ്ങള്‍ തിരുത്തുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.