മലിനജലം: അങ്ങാടിത്തോട് പരിസരവാസികള്‍ക്ക് മോചനമില്ല

വടകര: താഴെഅങ്ങാടി അങ്ങാടിത്തോടിന്‍െറ പരിസരവാസികളുടെ ദുരിതത്തിന് കൈയും കണക്കുമില്ല. കാലവര്‍ഷം തുടങ്ങിയാല്‍ തോട് കരകവിഞ്ഞൊഴുകി ഇരുവശത്തുമുള്ള പറമ്പുകളിലും വീടുകളിലും മലിനജലം കയറുക പതിവാണ്. കക്കൂസ് മാലിന്യമടക്കം കലര്‍ന്ന വെള്ളമാണ് മൂന്നടിയോളം ഉയരത്തില്‍ കയറുന്നത്. ഈ സാഹചര്യത്തില്‍ അധികൃതരാരും തിരിഞ്ഞുനോക്കാനില്ലാത്തതിന്‍െറ പ്രയാസമാണ് നാട്ടുകാര്‍ പറയുന്നത്. കൊതുകിന്‍െറയും ദുര്‍ഗന്ധത്തിന്‍െറയും പ്രയാസം പറയുന്ന കുട്ടികളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ളെന്ന് ഇവിടത്തെ കുടുംബനാഥന്മാര്‍ പറയുന്നു. പലര്‍ക്കും രോഗം പിടിപ്പെട്ടിരിക്കയാണ്. മലിനജലം കയറാന്‍ തുടങ്ങിയതോടെ കിണറുകള്‍ മലിനമാവുകയും ശുദ്ധജലക്ഷാമം നേരിടുകയുമാണ്. നേരത്തേ താഴെഅങ്ങാടി മന്തുരോഗം നിലനിന്ന പ്രദേശമാണ്. ഇവിടെ കൊതുക് വര്‍ധിച്ചത് ഏറെ ആശങ്കക്കിടയാക്കുന്നു. ചെറിയവളപ്പ്, ചട്ടിക്കുനിത്താഴ, അയ്യംകൊല്ലി, പൂക്കാപുറത്ത് താഴക്കുനി, ചുണ്ടന്‍ വളപ്പ്, സര്‍വത്ത് വളപ്പ്, അരയാക്കി, കരിയാങ്കണ്ടി ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് മാലിന്യപ്രശ്നം പ്രധാനമായും അനുഭവിക്കുന്നത്. ചെറിയ വളപ്പില്‍ ഖദീജ, ചട്ടിക്കുനിത്താഴ പുതിയപുരയില്‍ കുഞ്ഞയിശ, വളപ്പില്‍ ചീളുപറമ്പത്ത് സി.പി. മഷ്ഹൂദ്, ചെറിയവളപ്പില്‍ നാലകത്ത് കുഞ്ഞമ്മ തുടങ്ങിയവരുടെ വീടുകളിലാണ് പ്രധാനമായും പ്രശ്നമുള്ളത്. രണ്ടു പതിറ്റാണ്ടുമുമ്പ് അങ്ങാടിത്തോട് ശാസ്ത്രീയമായി പണിതതും ആറേഴുവര്‍ഷം മുമ്പ് കരിയാങ്കണ്ടി ഭാഗത്ത് തോട് മണ്ണിട്ട് നികത്തി നടപ്പാത തീര്‍ത്തതും തോടിന്‍െറ കോണ്‍ക്രീറ്റ് സ്ളാബുകള്‍ തകര്‍ന്നതുമാണ് ഇത്രയും പ്രയാസമനുഭവിക്കാന്‍ കാരണം. നഗരസഭയുടെ വിളിപ്പാടകലെയുള്ള ഈപ്രദേശത്തിന്‍െറ പ്രശ്നം നിരവധിതവണ ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ളെന്നാണ് ആക്ഷേപം. തോട്ടില്‍ അടിഞ്ഞുകൂടുന്ന മാലിന്യം നീക്കംചെയ്യാന്‍പോലും അധികൃതര്‍ തയാറാവുന്നില്ല. ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്സന്‍, സെക്രട്ടറി, തഹസില്‍ദാര്‍, എം.എല്‍.എ, ജില്ലാ കലക്ടറുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കുന്നതിനായി ഐ.എന്‍.എല്‍ വടകര ടൗണ്‍ കമ്മിറ്റി നേത്യത്വത്തില്‍ ദുരിതബാധിതരില്‍നിന്നും ജനങ്ങളില്‍നിന്നും ശേഖരിച്ച ഒപ്പ് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കയാണ്. സമഗ്രമായ അഴുക്കുചാല്‍ പദ്ധതിയില്ലായ്മയാണ് നഗരസഭയുടെ തീരാശാപമായി തീര്‍ന്നത്. മുക്കോലക്കല്‍ ഹംസ, വളപ്പില്‍ സലാം, കെ.പി. മൂസ, മിഗ്ദാദ് തയ്യില്‍, എസ്.വി. ഹാരിസ്, കെ. ഷാജിദ്, പി.വി. ഇസ്മയില്‍, ഷമീര്‍ കല്ലറക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി സമര്‍പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.