പാവങ്ങാട് ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ പണിമുടക്കി

കോഴിക്കോട്: അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ ജീവനക്കാര്‍ കടുത്ത ദുരിതമനുഭവിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പാവങ്ങാട് ഡിപ്പോ കോഴിക്കോട് മാവൂര്‍റോഡിലെ പുതിയ ബസ് ടെര്‍മിനലിലേക്ക് മാറ്റാമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പാവാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പണിമുടക്കി. 72ഓളം ബസുകള്‍ ഡിപ്പോയില്‍നിന്ന് പുറത്തിറക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഡിപ്പോയിലെ 600ഓളം തൊഴിലാളികളാണ് പണിമുടക്കിയത്. ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ബസുകള്‍ക്കും കെ.യു.ആര്‍.ടി.സിയുടെ വോള്‍വോ ബസുകള്‍ക്കും സമരംമൂലം സര്‍വിസ് നടത്താനായില്ല. രാവിലെ പുപ്പെടേണ്ട മൈസൂരു, ബംഗളൂരു, നെടുമ്പാശ്ശേരി ബസ് സര്‍വിസുകള്‍ മുടങ്ങി. നാലു മാസം മുമ്പ് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ഉദ്ഘാടനവേളയിലാണ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പുമന്ത്രിയുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ധാരണയുണ്ടാക്കിയത്. നരകതുല്യമായ അവസ്ഥയിലാണ് പാവങ്ങാട് ഡിപ്പോയില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മൂന്നു മാസത്തിനകം ഡിപ്പോ ഭാഗികമായി മാറ്റാമെന്നും പ്രധാനജോലികള്‍ക്ക് മാത്രം പാവങ്ങാട്ട് സൗകര്യമേര്‍പ്പെടുത്താമെന്നുമായിരുന്നു ധാരണ. എന്നാല്‍, പ്രശ്നങ്ങളൊന്നും പരിഹരിക്കാത്തതിനാലാണ് സമരരംഗത്തിറങ്ങിയതെന്ന് തൊഴിലാളിയൂനിയന്‍ നേതാവ് ഇന്ദുകുമാര്‍ പറഞ്ഞു. കുടിവെള്ളമോ ആവശ്യത്തിന് ശൗചാലയമോ വിശ്രമിക്കാന്‍ സൗകര്യമോ ഇല്ലാത്ത അവസ്ഥയിലാണ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. പ്രശ്നമുന്നയിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ബഹിഷ്കരിച്ചാണ് തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയിരുന്നത്. ഇതത്തേുടര്‍ന്നാണ് മന്ത്രിതന്നെ ഇടപെട്ട് ചര്‍ച്ച നടത്തി സമരം പിന്‍വലിക്കാന്‍ സാഹചര്യമൊരുക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.