കാരുണ്യ ഫണ്ടില്ല; വൃക്കരോഗികളുടെ ഡയാലിസിസ് അവതാളത്തില്‍

കോഴിക്കോട്: ഗുരുതരരോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ചികിത്സാധനസഹായമായ കാരുണ്യ ഫണ്ട് നിലച്ചത് വൃക്കരോഗികളുടെ ഡയാലിസിസ് അവതാളത്തിലാക്കി. എല്ലാ ബി.പി.എല്‍ കുടുംബങ്ങളും വാര്‍ഷികവരുമാനം 3ലക്ഷം വരെയുള്ള എ.പി.എല്‍ കുടുംബങ്ങളും സ്കീമിന് അര്‍ഹരാണ്. ഒരു ഡയാലിസിസിന് 800 രൂപയാണ് ഈടാക്കുന്നത്. കാരുണ്യ സ്കീമിലുള്‍പ്പെട്ട രോഗികള്‍ക്ക് ഈതുക നല്‍കാതെ ഡയാലിസിസ് നടത്താം. എന്നാല്‍ കാരുണ്യ ഫണ്ട് നിലച്ചതോടെ പാവപ്പെട്ട രോഗികള്‍ ഈതുക നല്‍കി ഡയാലിസിസ് ചെയ്യേണ്ട ഗതികേടിലാണ്. ഡയാലിസിസിന് ഏറ്റവുംകുറവ് തുക ഈടാക്കിയിരുന്ന സ്വകാര്യ ആശുപത്രിയായിരുന്നു ഇഖ്റ. 650 രൂപ മാത്രമാണ് ഇവിടെ ഡയാലിസിസിന് ഈടാക്കിയിരുന്നത്. കാരുണ്യ സ്കീമിലുള്‍പ്പെട്ടവര്‍ക്ക് സൗജന്യമായും ഡയാലിസിസ് ചെയ്തിരുന്നു. 192 രോഗികളാണ് ഡയാലിസിസിന് ഇഖ്റയെ ആശ്രയിക്കുന്നത്. അതില്‍ 150ഓളം പേര്‍ കാരുണ്യ സ്കീമില്‍ ഉള്‍പ്പെട്ടവരാണ്. എന്നാല്‍ ഒരു വര്‍ഷമായി ആശുപത്രിയിലേക്ക് കാരുണ്യ ഫണ്ട് ലഭിക്കുന്നില്ല. 1.17കോടി രൂപയുടെ ഫണ്ട് ലഭിക്കാനുണ്ട്. ഫണ്ട് ലഭിക്കുമെന്ന സര്‍ക്കാറിന്‍െറ ഉറപ്പിലായിരുന്നു ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ ഇനിയും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ളെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. സ്കീമുള്ള മറ്റ് ആശുപത്രികളിലും ഫണ്ട് ലഭിക്കാത്ത അവസ്ഥയുണ്ട്. മറ്റെന്തെങ്കിലും വഴി തേടാനാണ് രോഗികളോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മേയര്‍, എം.എല്‍.എ, എം.പി, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനിരിക്കുകയാണ് രോഗികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.