അവരും ആഘോഷിച്ചു, നന്മ നിറഞ്ഞ ഓണം

കോഴിക്കോട്: രണ്ടു വയസ്സുള്ള അവന്‍ അച്ഛന്‍െറ മടിയിലിരുന്ന് ഫോണില്‍ സ്വന്തം ചിത്രമെടുത്തുകളിക്കുകയായിരുന്നു. പിന്നെ കുറച്ചുനേരം ഹാളിലൂടെ ഓടിക്കളിച്ചു. ഇടക്ക് അച്ഛന്‍െറ സമീപം ഓടിയത്തെും. അത്രക്ക് ജീവനാണ് അവന് അച്ഛനെ. അച്ഛന് അസുഖമുള്ള കാര്യം അവനറിയില്ല. അറിഞ്ഞാലും അവന്‍െറ സ്നേഹത്തിനൊട്ടും കുറവുമുണ്ടാകില്ല. കോഴിക്കോട് മലബാര്‍ ചേംബര്‍ ഹാളില്‍ എച്ച്.ഐ.വി ബാധിതരുടെ കൂട്ടായ്മയായ ‘സാന്ത്വനം’ സംഘടിപ്പിച്ച ‘തിരുവോണപ്പുലരി’ ഓണാഘോഷ പരിപാടിക്കത്തെിയതാണ് ഈ അച്ഛനും മകനും. അവിചാരിതമായത്തെിയ രോഗം കോഴിക്കോട് സ്വദേശിയായ യുവാവിനെ തളര്‍ത്തിയെങ്കിലും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഭാര്യയുടെയും മകന്‍െറയും സ്നേഹത്തില്‍ അയാള്‍ ഇന്ന് ജോലി ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്നു. ആദ്യമൊക്കെ പലരില്‍നിന്നും അവഗണന നേരിട്ടെങ്കിലും ഇപ്പോള്‍ എല്ലാവരുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കുറേയേറെ ചിരിക്കുന്ന കുഞ്ഞുമുഖങ്ങളും നിസ്സഹായത നിറഞ്ഞ മുതിര്‍ന്നവരും അവിടെ ഓണമാഘോഷിക്കാനത്തെി. എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍. തങ്ങള്‍ക്കല്ല മാറാ രോഗം, തങ്ങളെ നോക്കിക്കാണുന്ന ഇരുണ്ട സമൂഹത്തിനാണ് യഥാര്‍ഥ വ്യാധിയെന്ന് അവരുടെ മുഖങ്ങള്‍ സംവദിച്ചു. ആരുടെയും സഹതാപവും തങ്ങള്‍ക്കു വേണ്ട. മാറാവ്യാധിയെന്ന് മുദ്രകുത്തി തങ്ങളെ മാറ്റിനിര്‍ത്തുന്ന സമൂഹത്തോട് പ്രതികരിക്കാനുള്ള ഊര്‍ജം ഇന്നിവര്‍ക്കുണ്ട്. ഇവര്‍ക്കു പിന്തുണയുമായി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരുമുണ്ട്. സ്നേഹത്തിന്‍െറയും നന്മയുടെയും മറ്റൊരോണംകൂടിയത്തെുമ്പോള്‍ എച്ച്.ഐ.വി ഇരകളോടുള്ള സമൂഹത്തിന്‍െറ മനോഭാവവും മാറുമെന്ന് പ്രത്യാശിക്കാം. സാന്ത്വനത്തിന്‍െറ ഓണാഘോഷ പരിപാടി എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാന്ത്വനത്തിനായി കോഴിക്കോട് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടത്തെുമെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടന ഏകോപന സമിതി ചെയര്‍മാന്‍ കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ളബ് പ്രസിഡന്‍റ് നിസാറോ സിയോ ഓണക്കിറ്റുകള്‍ സമ്മാനിച്ചു. ഏവിയേഷന്‍ ട്രെയ്നര്‍ നുസ്റത്ത് ജഹാന്‍, എം. പ്രശാന്ത്, സെഞ്ച്വറി മെര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്‍റ് അനിത കുമാര്‍ സ്വാഗതം പറഞ്ഞു. ആഘോഷത്തിനത്തെിയവര്‍ ഓണപ്പുടവയും ഓണക്കിറ്റും സ്വീകരിച്ച് ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.