പൊലീസ് ബാലാവകാശനിയമം ലംഘിക്കുന്നു –നിയമസഭാ സമിതി

കോഴിക്കോട്: പൊലീസ് ബാലാവകാശനിയമം ലംഘിക്കുന്നെന്ന് നിയമസഭാ സമിതി നടത്തിയ തെളിവെടുപ്പില്‍ പരാതിയുയര്‍ന്നു. കേസില്‍ ഉള്‍പ്പെടുന്ന കുട്ടികളെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകരുതെന്ന ചട്ടം പാലിക്കുന്നില്ല. ബാലാവകാശ നിയമം സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റുകള്‍ (എസ്.ജെ.പി.യു) എല്ലാജില്ലകളിലും സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ച് 2011 മേയ് 28നും ഡിസംബര്‍ 26നും സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ പ്രാവര്‍ത്തികമായില്ല. എറണാകുളത്ത് മാത്രമാണ് നിലവില്‍ യൂനിറ്റുള്ളത്. ഉന്തിനും തള്ളിനും വരെ വധശ്രമം (308) കേസുകള്‍ ചുമത്തുന്ന വടകര, നാദാപുരം പൊലീസിന്‍െറ സമീപനം കാരണം വിദ്യാര്‍ഥികളുടെ പഠനംപോലും മുടങ്ങുന്ന സാഹചര്യം നിലവിലുണ്ടെന്ന് സമിതി അംഗം കെ.കെ. ലതിക എം.എല്‍.എ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന ഈ നടപടി ഫലത്തില്‍ കുട്ടികളുടെ ഭാവിയാണ് തകര്‍ക്കുന്നത്. സമിതി സര്‍ക്കാറിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ പ്രശ്നം ഉള്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ പ റഞ്ഞു. ചില്‍ഡ്രന്‍സ് ഹോമുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് എല്ലാമാസവും അഞ്ചിനകം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലതലങ്ങളില്‍ ഉദ്യോഗസ്ഥ സെല്‍ നിയമസമിതി നിര്‍ദേശമനുസരിച്ച് നിയോഗിച്ചിരുന്നു. ഇതിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാണോ എന്നറിയാന്‍ സമിതി വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു. കെയര്‍ടേക്കര്‍മാരുടെ കുറവ്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്‍െറ അപര്യാപ്തത, മെച്ചപ്പെട്ട കൗണ്‍സലിങ് സൗകര്യത്തിന്‍െറ അനിവാര്യത എന്നിവ ബോധ്യപ്പെട്ടതായി സന്ദര്‍ശനശേഷം ജയരാജ് എം.എല്‍.എ പറഞ്ഞു. സ്ഥിരം കൗണ്‍സലര്‍മാരുടെ നിയമനം സംസ്ഥാനതലത്തില്‍ തന്നെ നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. സലീഖ എം.എല്‍.എ, കലക്ടര്‍ എന്‍. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.