അധ്യാപക സമരം: സബ്ജില്ല റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് അനിശ്ചിതത്വത്തില്‍

കോഴിക്കോട്: ഇടത് അധ്യാപക സംഘടനയുടെ സമരംമൂലം സബ്ജില്ല, റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് അനിശ്ചിതമായി മുടങ്ങി. ജില്ലാ ഭാരവാഹികളായ രണ്ട് പ്രധാനാധ്യാപകരെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കെ.എസ്.ടി.എ സമരം പ്രഖ്യാപിച്ചതാണ് 17 സബ്ജില്ലകളിലെ ഗെയിംസ് മത്സരങ്ങള്‍ മുടങ്ങാന്‍ കാരണം. ആഗസ്റ്റ് 12 മുതല്‍ 20 വരെ സബ്ജില്ലാ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നു. 21ന് സ്കൂള്‍ അടച്ചാല്‍ തുറക്കുന്നത് 31നാണ്. ഓണം അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 14 വരെ ഓണപ്പരീക്ഷ നടത്തണം. സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. റവന്യൂ ജില്ലാ മത്സരം നടത്തിയാല്‍ മാത്രമേ ഒക്ടോബര്‍ ഒമ്പതു മുതല്‍ 13 വരെ കണ്ണൂരില്‍ നടക്കുന്ന സോണല്‍ മത്സരത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ കഴിയൂ. സബ്ജില്ലാ മത്സരം മുടങ്ങിയതിനാല്‍ റവന്യൂ ജില്ലാ മത്സരം ഷെഡ്യൂളനുസരിച്ച് നടത്താനും കഴിയില്ല. സോണല്‍ മത്സരത്തിന്‍െറ തീയതി മാറ്റിയില്ളെങ്കില്‍ കോഴിക്കോട് റവന്യൂ ജില്ലയിലെ കായികതാരങ്ങള്‍ക്ക് ഈ വര്‍ഷം പങ്കെടുക്കാന്‍ കഴിയില്ല. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള താരങ്ങളാണ് സോണല്‍ മത്സരത്തില്‍ പങ്കെടുക്കുക. സംസ്ഥാന, ദേശീയ തലത്തില്‍ വിജയം കൈവരിക്കേണ്ട നിരവധി താരങ്ങള്‍ കോഴിക്കോട് റവന്യൂ ജില്ലയിലുണ്ട്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കടുംപിടിത്തമാണ് അധ്യാപക സംഘടനയുടെ സമരം തുടരാന്‍ കാരണമാകുന്നതെന്ന് അധ്യാപകര്‍ ആരോപിച്ചു. ജില്ലയിലെ നൂറുകണക്കിന് കായികതാരങ്ങളുടെ ഭാവിയെ കരുതി സോണല്‍ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് സംയുക്ത കായികാധ്യാപക സംഘടന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എ. മുസ്തഫ, വി.കെ. രാജീവ്, ഐ. സഫിയ, ബിജു അഗസ്റ്റിന്‍, ഷമീം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.