സ്ത്രീ ശാക്തീകരണത്തില്‍ കേരളം മാതൃക -മന്ത്രി എം.കെ. മുനീര്‍

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തില്‍ കേരളം, ഇന്ത്യക്ക് മാതൃക സൃഷ്ടിക്കുകയാണെന്ന് പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ വ്യക്തമാക്കി. 42 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീയുടെ മാതൃക ഇന്ത്യയിലെ രണ്ടരലക്ഷം പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ 69ാമത് സ്വാതന്ത്ര്യദിനത്തില്‍ സേനാവിഭാഗങ്ങളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാനങ്ങളിലെ വകുപ്പ് സെക്രട്ടറിമാര്‍ ഈയിടെ കേരളത്തിലത്തെി കുടുംബശ്രീയെക്കുറിച്ച് പഠിച്ച് അതവിടെ അനുകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ 12,13,14 തീയതികളില്‍ തിരുവനന്തപുരത്ത് രാജ്യാന്തര വനിതാസമ്മേളനം സംഘടിപ്പിക്കും. എറണാകുളം ജില്ലയെ അടുത്തമാസം 11ന് വയോജന സൗഹൃദ ജില്ലയായി പ്രഖ്യാപിക്കും. താമസിയാതെ മറ്റു ജില്ലകളിലും ഇത് നടപ്പാക്കും. ജാഗ്രതാസമിതികള്‍ക്ക് നിയമപ്രാബല്യം നല്‍കും. ഷീ ടാക്സികള്‍ക്ക് പിന്നാലെ ഷീ ബസുകള്‍ ഏര്‍പ്പെടുത്തും. കേരള സാമൂഹികസുരക്ഷാ മിഷന്‍ ആവിഷ്കരിച്ച വീകെയര്‍ വളന്‍റിയര്‍ കോര്‍ എന്ന ജീവകാരുണ്യ ശൃംഖല 24 മണിക്കൂറും സഹായമത്തെിക്കുന്ന പ്രസ്ഥാനമായി അടുത്ത റിപ്പബ്ളിക് ദിനത്തില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി അറിയിച്ചു. രണ്ടുലക്ഷം പേരാണ് അംഗങ്ങളായുണ്ടാവുക. പരേഡിന് കോഴിക്കോട് റൂറല്‍ റിസര്‍വ് ഇന്‍സ്പെക്ടര്‍ വി. അശോകന്‍ നായര്‍ നേതൃത്വം നല്‍കി. 20 പ്ളാറ്റൂണുകള്‍ പങ്കെടുത്തു. മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.കെ. രാഘവന്‍ എം.പി, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്ലത്തീഫ്, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, സബ് കലക്ടര്‍ ഹിമാന്‍ഷുകുമാര്‍ റായ്, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ, സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, റൂറല്‍ പൊലീസ് സൂപ്രണ്ട് പി.എച്ച്. അഷ്റഫ്, എഡി.എം ടി. ജനില്‍കുമാര്‍, കെ.സി. അബു, എം.ടി. പത്മ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.