മായാത്ത സ്നേഹത്തണലില്‍ ബഷീറിന് വീടൊരുങ്ങുന്നു

കോഴിക്കോട്: ആരോരുമില്ളെന്ന തോന്നലിലെല്ലാം ബഷീറിന് സാന്ത്വനമായിരുന്നത് ജെ.ഡി.ടി അനാഥാലയത്തിലെ കൂട്ടുകാരായിരുന്നു. ഊരോ വിലാസമോ ഇല്ലാത്ത കുട്ടിക്കാലമായിരുന്നു അവന്‍േറത്. ഓര്‍മവെച്ചപ്പോള്‍ കണ്ടത് യതീംഖാനയിലെ തുല്യദു$ഖിത ബാല്യങ്ങളെ. പക്ഷേ, അവരെയൊക്കെ വല്ലപ്പോഴും അന്വേഷിച്ചുവരാന്‍ ആളുണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ യതീംമക്കളെ കാണാന്‍ ഉമ്മമാരോ ബന്ധുക്കളോ മിഠായിപ്പൊതികളുമായി അനാഥാലയത്തിന്‍െറ മുറ്റത്തേക്ക് കടന്നുവരുമ്പോള്‍ അവന്‍ സങ്കടത്തോടെ നോക്കിനിന്നിട്ടുണ്ട്. തന്നെ കാണാന്‍ വരാന്‍ ആരുമില്ലല്ളോ എന്നോര്‍ത്ത് അന്ന് കണ്ണുകള്‍ നിറഞ്ഞു. കുഞ്ഞായിരുന്നപ്പോള്‍ ആരോ തന്നെ അനാഥാലയത്തിലത്തെിച്ചു എന്നേ അറിയുമായിരുന്നുള്ളൂ. മലപ്പുറത്തെ എടത്തനാട്ടുകരയിലുള്ളയാളാണെന്ന് പറഞ്ഞുകേട്ടിരുന്നു. 35 വര്‍ഷത്തിനിപ്പുറം മൂഴിക്കലിനടുത്ത് ചെറുവറ്റയിലെ ചെറിയആപ്പറ്റ കുന്നിന്‍ചരിവിലെ മൂന്നര സെന്‍റ് സ്ഥലത്ത് തന്‍െറ സ്വപ്നവീടിന് തറക്കല്ലിടാന്‍ അനാഥാലയത്തിലെ ആ പഴയ കൂട്ടുകാര്‍തന്നെ വന്നണഞ്ഞപ്പോള്‍ ബഷീറിന്‍െറ കണ്ണുകള്‍ നിറഞ്ഞു; അന്ന് കണ്ണീര്‍ തുടച്ചുതന്ന കൂട്ടുകാര്‍ ഇന്നും തന്‍െറ സന്തോഷത്തിനുവേണ്ടി ഓടിവന്നല്ളോ എന്നോര്‍ത്ത്. അന്ന് അവരോടൊരുമിച്ച് കളിച്ചും പഠിച്ചും കഴിഞ്ഞതിനപ്പുറം കുടുംബമെന്തെന്ന് ബഷീറിന് അറിയുമായിരുന്നില്ല. ജീവിതത്തിന്‍െറ സ്വന്തം വഴികള്‍ തേടി അവരെല്ലാവരും അനാഥാലയത്തിന്‍െറ പടിയിറങ്ങിയപ്പോള്‍ ബഷീറിന് എങ്ങോട്ടും പോകാനുണ്ടായിരുന്നില്ല. കൂടുതല്‍ പഠിച്ച് ഉയരങ്ങള്‍ കീഴടക്കാനും കഴിഞ്ഞില്ല. പിന്നെയും കുറെക്കാലം ജെ.ഡി.ടിയില്‍ തന്നെയായിരുന്നു താമസം. അനാഥത്വത്തിന്‍െറ നോവുകള്‍ പിന്നിട്ട് ജീവിതത്തിന്‍െറ നല്ലനാളുകള്‍ സ്വന്തമാക്കിയവര്‍ പക്ഷേ അതിനു കഴിയാതെപോയ സഹോദരനെ മറന്നില്ല. അവര്‍ ബഷീറിനെ അന്വേഷിച്ച് പലതവണ ജെ.ഡി.ടിയിലേക്ക് കയറി വന്നു. അവനെ വിവാഹം കഴിപ്പിക്കുന്നതിലും സ്വന്തമായി വീടുവെക്കാന്‍ സ്ഥലം സംഘടിപ്പിക്കുന്നതിലും ആ പഴയ കുട്ടുകാര്‍തന്നെ മുന്നില്‍ നിന്നു. ഏറ്റവുമൊടുവില്‍ വീടുവെക്കാനുള്ള ചെലവിലേക്ക് മൂന്നര ലക്ഷം രൂപയുമായാണ് അവര്‍ കഴിഞ്ഞദിവസം ബഷീറിനെ തേടിയത്തെിയത്. ബാക്കിത്തുക നമുക്ക് സ്വരൂപിക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. മൂഴിക്കലിനടുത്ത് വാടകവീട്ടിലാണ് ബഷീറും ഭാര്യ സുഹ്റയും താമസിക്കുന്നത്. കല്‍പണിക്കും മറ്റും കൈയാളായി ജോലിനോക്കുകയാണിപ്പോള്‍. ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് അലുംനി അസോസിയേഷന്‍ ബഷീറിന്‍െറ വീടിന് സഹായം സ്വരൂപിക്കാന്‍ വെള്ളിമാട്കുന്ന് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് (സെക്രട്ടറി, ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് അലുംനി അസോസിയേഷന്‍, A/C No.7885000100002603 IFSC Code: PUNB 0788500, Punjab National Bank, Vellimadukunnu). ദുബൈയില്‍നിന്ന് അബ്ദുല്‍ റസാഖ്, അബൂബക്കര്‍, വിദ്യാഭ്യാസവകുപ്പില്‍നിന്ന് വിരമിച്ച വളപ്പില്‍ വീരാന്‍കുട്ടി, സാജിദ് അലി, മരവ്യവസായി കെ.ടി. അബ്ദുല്‍ സലാം, റവന്യൂ വകുപ്പില്‍ ജോലിചെയ്യുന്ന അബ്ദുറഹ്മാന്‍, എന്‍ജിനീയര്‍ ഷംസുദ്ദീന്‍ മുക്കം, പി. സല്‍മ തുടങ്ങി ജെ.ഡി.ടി അനാഥാലയത്തിലെ പഴയ കുടുംബാംഗങ്ങള്‍ തറക്കല്ലിടല്‍ ചടങ്ങിനത്തെി. ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ് തറക്കല്ലിടല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് എം.പി. അബ്ദുല്‍ ഗഫൂര്‍ സന്നിഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.