അപകടക്കെണിയൊരുക്കി നാദാപുരം ബസ്സ്റ്റാന്‍ഡ്

നാദാപുരം: നാദാപുരം ബസ്സ്റ്റാന്‍ഡ് നാഥനില്ലാകളരിയായി മാറിയതും ടൗണിലെ ഫുട്പാത്തുകളുടെ അപകടാവസ്ഥയും വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും മരണക്കെണിയൊരുക്കുന്നു. നാദാപുരം ബസ്സ്റ്റാന്‍ഡില്‍ പൊലീസ് എയ്ഡ്പോസ്റ്റ് പ്രവര്‍ത്തനം നാമമാത്രമായതോടെയാണ്് സ്റ്റാന്‍ഡ് പ്രവര്‍ത്തനം താളംതെറ്റിയത്. ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ തോന്നിയ സ്ഥലങ്ങളില്‍ നിര്‍ത്തിയാണ് ആളെ ഇറക്കുന്നതും കയറ്റുന്നതും. പഞ്ചിങ് സംവിധാനവും മുടങ്ങി. നോക്കാനാളില്ലാത്തതിനാല്‍ പൊലീസ് എയ്ഡ്പോസ്റ്റിനുള്ളില്‍വെച്ച രജിസ്റ്ററില്‍ തോന്നിയപോലെ സമയം രേഖപ്പെടുത്തുകയാണ്. സമയം തെറ്റിച്ചാലും രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത് കൃത്യസമയം. വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ നേരത്തെ അനുവദിച്ച സ്ഥലങ്ങളിലല്ല ഇപ്പോള്‍ ബസുകള്‍ നിര്‍ത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് സ്കൂള്‍ വിദ്യാര്‍ഥിനി ബസിനടിയില്‍പെട്ട് ദാരുണമായി മരിക്കാനിടയായ സംഭവമുണ്ടായത് അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് പരാതിയുയര്‍ന്നു. നാദാപുരം ടൗണില്‍ ഫുട്പാത്തും റോഡും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാത്ത തിരക്കേറിയ സ്ഥലത്താണ് ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനി കെ.എസ്.ആര്‍.ടി.സി ബസിന്‍െറ സൈഡ് തട്ടി ബസിനടിയില്‍ ചതഞ്ഞുമരിച്ചത്. ഇവിടെ ഫുട്പാത്ത് ഉയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യം നേരത്തെയുണ്ടായിരുന്നെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഫുട്പാത്തിലൂടെ നടക്കുന്ന കുട്ടികള്‍ കൈയൊന്ന് വീശിയാല്‍ റോഡിലെ വാഹനത്തില്‍ മുട്ടുന്ന അവസ്ഥയാണിവിടെ. ഇതിനുപുറമെ ഫുട്പാത്തിലുടനീളം വിള്ളലുകളും കൈയേറ്റങ്ങളുമാണെന്ന പരാതിയുണ്ട്. പല സ്ഥലങ്ങളിലായി കച്ചവടക്കാര്‍ നടപ്പാത കൈയേറി സാധനങ്ങള്‍ നിറച്ചതിനാല്‍ സ്കൂള്‍ കുട്ടികള്‍ക്കടക്കം തിരക്കേറിയ റോഡുതന്നെ നടക്കാന്‍ ആശ്രയിക്കേണ്ടിവരുന്നു. നടപ്പാതയില്‍ കമ്പിവേലികെട്ടി വേര്‍തിരിക്കണമെന്ന ആവശ്യവും ശക്തമാണ്. നാദാപുരം ബസ്സ്റ്റാന്‍ഡ് വൈകീട്ട് വിവിധ സ്കൂളുകളില്‍നിന്നത്തെുന്ന വിദ്യാര്‍ഥികളെക്കൊണ്ട് നിറയും. ഇതിനിടയിലേക്കാണ് ബസുകള്‍ അശാസ്ത്രീയമായും അശ്രദ്ധമായും എത്തുന്നത്. ഇത് പലപ്പോഴും അപകടത്തിനിട യാക്കുന്നു. വൈകുന്നേരങ്ങളിലെങ്കിലും ട്രാഫിക് നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. അതേസമയം, കണ്‍ട്രോള്‍ റൂം പൊലീസിന് വൈകുന്നേരങ്ങളിലടക്കം പാതയോരങ്ങളില്‍ വാഹന പരിശോധന നടത്തുന്നത് പ തിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.