ഹോര്‍ട്ടികോര്‍പ് ലൈസന്‍സികള്‍ സമരത്തിലേക്ക്

കോഴിക്കോട്: ജില്ലയിലെ ഹോര്‍ട്ടികോര്‍പ് ലൈസന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്ത നീക്കത്തിനെതിരെ കച്ചവടക്കാര്‍ അനിശ്ചിതകാലസമരത്തിലേക്ക്. പൊതുജനങ്ങള്‍ക്ക് മിതമായ വിലയില്‍ ഗുണനിലവാരമുള്ള വിഷമുക്ത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് തുടങ്ങിയ ഹോര്‍ട്ടികോര്‍പ് പാളയത്തെ സ്വകാര്യ പച്ചക്കറി കുത്തക വില്‍പനക്കാരുമായി ചേര്‍ന്ന് പൊതുമാര്‍ക്കറ്റിനേക്കാള്‍ കൂടിയവിലയിലാണ് പച്ചക്കറികള്‍ വില്‍ക്കുന്നതെന്ന് ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍ നടത്തുന്ന കച്ചവടക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഹോര്‍ട്ടികോര്‍പ് ജില്ലാ അധികൃതരുടെ ഇത്തരം നിലപാടുകള്‍ ചോദ്യം ചെയ്ത് സമരം നടത്തിയതിനാണ് സമരത്തിന് നേതൃത്വം നല്‍കിയവരുള്‍പ്പെടെ 34 ലൈസന്‍സികളുടെ ലൈസന്‍സ് റദ്ദാക്കിയത്. പച്ചക്കറികള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് ലേലത്തിലെടുത്ത് ന്യായവിലയില്‍ വില്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ സ്വകാര്യ മുതലാളിയുടെ വില്‍പന കഴിഞ്ഞ് ബാക്കിയുള്ള ഗുണനിലവാരം കുറഞ്ഞ പച്ചക്കറികള്‍ വന്‍ വിലക്ക് ഹോര്‍ട്ടികോര്‍പ് സ്റ്റാളുകളില്‍ എത്തുകയാണ്. ഇതുമൂലം കച്ചവടം നടക്കാതെ കച്ചവടക്കാര്‍ ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു. വേങ്ങേരിയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ വാടകയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ് ജില്ലാ റീജനല്‍ ഓഫിസും ഗോഡൗണും സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലേക്ക് വന്‍ വാടകക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. റീജനല്‍ ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികള്‍ അന്വേഷിക്കണമെന്ന് കച്ചവടക്കാരുടെ സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. സമരസമിതി ചെയര്‍മാന്‍ കെ. സജീഷ്, കണ്‍വീനര്‍ എം. മധു, പി.കെ. കുമാരന്‍, കെ. ഭാസ്കരന്‍, എ.കെ. അജിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.