മാവൂരിലെ നീര്‍ത്തടം: കമ്യൂണിറ്റി റിസര്‍വിന് വഴിതെളിയുന്നു

മാവൂര്‍: നൂറുകണക്കിന് ദേശാടനപ്പക്ഷികള്‍ വിരുന്നത്തെുന്ന മാവൂരിലെ ജലസമൃദ്ധമായ നീര്‍ത്തടത്തെ കമ്യൂണിറ്റി റിസര്‍വാക്കുന്നതിന്‍െറ പ്രാരംഭപ്രവര്‍ത്തനത്തിനായി ഭൂവുടമകളുടെ യോഗം വിളിച്ചുചേര്‍ത്തു. കോഴിക്കോട് ഡി.എഫ്.ഒ അമന്‍ജിത്ത്കൗര്‍ ആണ് യോഗം വിളിച്ചുചേര്‍ത്തത്. മാവൂര്‍ പഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തില്‍ 25 ഭൂവുടമകള്‍ പങ്കെടുത്തു. തെങ്ങിലക്കടവ് കുന്ന്, പുത്തന്‍കുളം, കല്‍പള്ളി ഭാഗത്തെ നീര്‍ത്തടങ്ങളിലെ ഭൂവുടമകളെയാണ് വിളിച്ചത്. ചാലിയാറില്‍ ഊര്‍ക്കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് വന്നതോടെയാണ് മാവൂരിലെ വയലുകള്‍ വെള്ളം നിറഞ്ഞ് നീര്‍ത്തടമായത്. അതിനുശേഷം ഇതുവരെ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സാധിച്ചിട്ടില്ല. പിന്നീട് ഓരോ വര്‍ഷവും നീര്‍ത്തടങ്ങള്‍ ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രമാകുകയായിരുന്നു. വര്‍ഷങ്ങളായി ഈ നീര്‍ത്തടങ്ങളെ കമ്യൂണിറ്റി റിസര്‍വാക്കാനുള്ള ആവശ്യമുയരാന്‍ തുടങ്ങിയിട്ട്. ഇതിന്‍െറ ഭാഗമായി ഒരു വര്‍ഷം മുമ്പ് പി.സി.സി.എഫ് ഗോപിനാഥ് വള്ളിയില്‍ ഐ.എഫ്.എസ് നീര്‍ത്തട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. അതിന്‍െറ തുടര്‍നടപടിയാണ് ബുധനാഴ്ച നടന്ന യോഗം. മാവൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കമ്യൂണിറ്റി റിസര്‍വാക്കുന്നതിനെക്കുറിച്ച് ഡി.എഫ്.ഒ ഭൂവുടമകള്‍ക്ക് വിശദീകരിച്ചു. ഭൂവുടമകള്‍ക്ക് സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം നഷ്ടപ്പെടാത്ത വിധത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. നീര്‍ത്തടങ്ങള്‍ പരിശോധിച്ച് അനുയോജ്യ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കും. കൃഷി, മത്സ്യംവളര്‍ത്തല്‍, പെഡല്‍ ബോട്ടിങ്, പക്ഷിസങ്കേതം എന്നിവയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, റിസര്‍വായി മാറിയാല്‍ രാസവളപ്രയോഗവും നീര്‍ത്തടത്തിന് ദോഷകരമാകുന്ന എംസാന്‍ഡ് യൂനിറ്റ് പോലുള്ളവ തടയുകയും ചെയ്യും. യോഗത്തില്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ളെങ്കില്‍ പുതിയ പദ്ധതികള്‍ വന്നാല്‍ അതില്‍ തങ്ങള്‍ക്കുകൂടി പങ്കാളിത്തം നല്‍കുന്ന വിധത്തിലാക്കുകയോ വേണമെന്ന് കര്‍ഷകര്‍ ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. യോഗതീരുമാനങ്ങള്‍ ഡി.എഫ്.ഒ സര്‍ക്കാറിന് സമര്‍പ്പിക്കും. കൂടാതെ അടുത്തുതന്നെ വിദഗ്ധ സംഘം സ്ഥലത്തത്തെി ഏതൊക്കെ രീതിയില്‍ നീര്‍ത്തടം വികസിപ്പിച്ചെടുക്കാമെന്ന് പരിശോധിക്കും. അതിനുശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായ മാനേജ്മെന്‍റ് കമ്മിറ്റിയാകും തുടര്‍നടപടിയുമായി മുന്നോട്ടുപോവുക. ഈ കമ്മിറ്റിയില്‍ ഭൂവുടമകളും അംഗങ്ങളായിരിക്കും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപ പുലിയപുറം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഫാത്തിമ്മ സുഹറ, താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സജികുമാര്‍ രായോത്ത്, ഡെപ്യൂട്ടി റെയ്ഞ്ച്് ഓഫിസര്‍ എം.കെ. രാജീവ്കുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വളപ്പില്‍ റസാഖ്, ചെയര്‍പേഴ്സന്‍ കെ. വിശാലാക്ഷി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.