മലിനജല സംസ്കരണ പ്ളാന്‍റ് സെപ്റ്റംബറില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് മലിനജല സംസ്കരണ പ്ളാന്‍റ് സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങും. നവീകരണ പ്രവൃത്തികളുടെ 85 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. വൃത്തിയാക്കലും ചെറിയ അറ്റകുറ്റപ്പണികളും മാത്രമാണ് ബാക്കിയുള്ളത്. ആറുവര്‍ഷം മുമ്പ് ഏഴുകോടി ചെലവിലാണ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍ പ്ളാന്‍റും ഉപകരണങ്ങളും സ്ഥാപിച്ചെങ്കിലും പൈപ്പിടല്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. 2009ല്‍ പരീക്ഷണാര്‍ഥത്തില്‍ പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ചുനോക്കിയിരുന്നു. അന്ന് പലഭാഗങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. ഇരിങ്ങാടന്‍ പള്ളിവഴി മലിനജലം ഒഴുക്കിവിടാമെന്ന തീരുമാനവും പ്രശ്നത്തിനിടയാക്കി. പിന്നീട് ചര്‍ച്ചകള്‍ നടത്തി മാവൂര്‍ റോഡ് വഴി കനോലി കനാലിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിക്കുകയും അതനുസരിച്ച് 6.15 കോടി രൂപക്ക് വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍ പൂര്‍ത്തിയാക്കുകയുംചെയ്തു. 70 ലക്ഷം രൂപ ചെലവില്‍ പ്ളാന്‍റ് പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡ് ആണ് അറ്റകുറ്റപ്പണി നടത്തുന്നത്. മെഡിക്കല്‍ കോളജില്‍ നാല് മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. 3.2 മില്യണ്‍ ലിറ്റര്‍ മലിനജലം ഉണ്ടാകും. നാല് മില്യണ്‍ ലിറ്ററിന്‍െറ രണ്ട് പ്ളാന്‍റുകളാണ് സ്വീവേജ് പ്ളാന്‍റിനുള്ളത്. മെഡിക്കല്‍ കോളജും അനുബന്ധസ്ഥാപനങ്ങളും ഹോസ്റ്റലുകളുമെല്ലാം സ്വീവേജ് പ്ളാന്‍റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്ളാന്‍റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ മെഡിക്കല്‍ കോളജിലെ എല്ലാ മലിനജലപ്രശ്നവും പരിഹരി ക്കപ്പെടും. ശുദ്ധീകരിച്ച മലിനജലം പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാത്റൂം ഫ്ളഷുകളിലുമെല്ലാം ഉപയോഗിക്കാനാണ് തീരുമാനം. ബാക്കിയുള്ളവ കനോലിക്കനാലിലേക്ക് തിരിച്ചുവിടുകയുമാണ് ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.