മെഡി.കോളജില്‍ വൃക്കയിലെ കല്ലുപൊടിക്കല്‍ നിലച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്കയിലെ കല്ലുപൊടിക്കുന്ന യന്ത്രം രണ്ടുമാസത്തോളമായി പണിമുടക്കില്‍. മെഷീന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ഇലക്ട്രോഡുകള്‍ സ്റ്റോക്കില്ലാത്തതാണ് പ്രവര്‍ത്തനം നിലക്കാനിടയാക്കിയത്. ഡിസ്പോസിബിള്‍ ഇലക്ട്രോഡ് ഉപയോഗിച്ചാണ് എക്സ്ട്രാ കോര്‍പോറിയല്‍ ഷോക്ഡ് വേവ് ലിത്തോട്രിപ്സി (ഇ.എസ്.ഡബ്ള്യു.എല്‍) എന്ന കല്ലുപൊടിക്കുന്ന മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് വൃക്കയിലെ കല്ല് പൊടിക്കുകയാണ് യന്ത്രത്തിന്‍െറ പ്രവര്‍ത്തനം. പിന്നീട് ഇത് മൂത്രത്തിലൂടെ പുറത്തുപോകും. ശസ്ത്രക്രിയ ആവശ്യമില്ലാത്ത ഈ ചികിത്സക്ക് 20 മിനിറ്റു മാത്രമേ സമയം ചിലവാകൂവെന്ന് മാത്രമല്ല, 24 മണിക്കൂറിനുശേഷം ജോലിക്ക് പോകാനും സാധിക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം. സ്വകാര്യ സ്ഥാപനങ്ങളില്‍ 20,000 രൂപ മുതല്‍ മുകളിലോട്ട് ഈടാക്കുന്ന ചികിത്സക്ക് മെഡിക്കല്‍ കോളജില്‍ 3000 രൂപമാത്രമാണ് ചിലവ് വരുന്നത്. എന്നാല്‍, ഇലക്ട്രോഡിന്‍െറ സ്റ്റോക് തീര്‍ന്നതോടെ കല്ലുപൊടിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയണ്. 12,000 രൂപയാണ് ഒരു ഇലക്ട്രോഡിന് വില. ഒരു ഇലക്ട്രോഡ് മൂന്നു രോഗികള്‍ക്കാണ് ഉപകാരപ്പെടുന്നത്. ദിവസവും അഞ്ചും ആറും രോഗികള്‍ കല്ലു പൊടിക്കാനായി ആശുപത്രിയിലത്തെുന്നുണ്ട്. സ്വതവേ തന്നെ ഇടക്കിടെ മെഷീന്‍ കേടാവുന്നുണ്ട്. അതിനിടെയാണ് ഇലക്ട്രോഡ് തീര്‍ന്നത്. എന്നാല്‍, 100 ഇലക്ട്രോഡും ഒരു ഹൈ പവര്‍ വോള്‍ട്ടേജ് സ്റ്റെബിലൈസറും ഉള്‍പ്പെടുന്ന ഏഴുലക്ഷം രൂപയുടെ നിര്‍ദേശം ജൂലൈ ആദ്യവാരം നടന്ന ആശുപത്രി വികസന സമിതിയില്‍ വെച്ചിരുന്നെന്നും നിര്‍ദേശം കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, നടപടിക്രമങ്ങളുടെ കാലതാമസംമൂലം വാങ്ങാനുള്ള അനുമതി ലഭിച്ചിട്ടില്ളെന്നും അത് ലഭിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ഇലക്ട്രോഡ് ലഭ്യമാക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇപ്പോഴും രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് കല്ലുപൊടിക്കാന്‍ തീയതി നല്‍കുന്നുണ്ടെങ്കിലും നടത്താന്‍ കഴിയുന്നില്ല. കുറഞ്ഞ തുകക്ക് ചെയ്യാമെന്നു കരുതി ദൂരെ സ്ഥലങ്ങളില്‍നിന്ന് വരുന്ന രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങേണ്ട ഗതികേടിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.