കോഴിക്കോട്: മാവൂര്‍ റോഡ് പുതിയ ബസ്സ്റ്റാന്‍ഡിലെ മാഫിയാവാഴ്ചക്കെതിരെ ‘മാധ്യമം’ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗുണ്ടകള്‍ കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വ്യാപാരികള്‍ കടകളടച്ച് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തും. ബസ്സ്റ്റാന്‍ഡിലെ 110ഓളം കടകളാണ് വൈകീട്ട് നാലു മുതല്‍ ആറുമണി വരെ അടച്ചിടുക. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ എ.ടി. അബ്ദുല്ലക്കോയ ധര്‍ണയില്‍ പങ്കെടുക്കും. വിവിധ വ്യാപാരിസംഘടനയിലെ പ്രമുഖനേതാക്കളും രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തില്‍ അണിചേരും. ‘മാതൃകയല്ല, ഇത് മാഫിയാ ബസ്സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ നഗരവൃത്തത്തില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് വ്യാപാരികള്‍ക്കുനേരെ തിങ്കളാഴ്ച ഗുണ്ടാഭീഷണി ഉണ്ടാകാന്‍ ഇടയാക്കിയത്. വാര്‍ത്തകള്‍ക്കു പിന്നില്‍ കച്ചവടക്കാരാണ് എന്നാരോപിച്ചായിരുന്നു കണ്ടാലറിയാവുന്ന ആറംഗസംഘം കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയത്്. ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ന്യൂ ബസ്സ്റ്റാന്‍ഡ് ഷോപ് ഓണേഴ്സ് അസോസിയേഷന്‍ അടിയന്തര യോഗം ചേര്‍ന്നാണ് ഗുണ്ടാഭീഷണിക്കെതിരെ പ്രക്ഷോഭരംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ന്യൂ ബസ്സ്റ്റാന്‍ഡ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി. സജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. അഫ്സല്‍, ട്രഷറര്‍ പി.പി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ത്ത വിവാദമായതോടെ ബസ്സ്റ്റാന്‍ഡിനകത്തെ അനധികൃത കച്ചവടവും മുകള്‍നിലയില്‍ ലുഡോബോര്‍ഡ് കളിയുടെ പേരില്‍ നടന്ന ചൂതാട്ടവും അവസാനിച്ചു. ഷാഡോ പൊലീസ് വലയത്തിലാണ് സ്റ്റാന്‍ഡും പരിസരവും. അനാശാസ്യക്കാരെയും ചൂതാട്ടക്കാരെയും തുരത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായവും തേടി. അനിഷ്ട സംഭവങ്ങളും കുറ്റകൃത്യങ്ങളും കണ്ടാല്‍ ഉടന്‍ വിവരമറിയിക്കാന്‍ പൊലീസ് ഫോണ്‍നമ്പറുകള്‍ കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.