കുടുംബശ്രീ കൂട്ടായ്മയില്‍ 34 സ്നേഹവീടുകള്‍

കോഴിക്കോട്: കുടുംബശ്രീ 17ാം വാര്‍ഷികത്തിന്‍െറ ഭാഗമായി ജില്ലയില്‍ അവശതയനുഭവിക്കുന്ന 34 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ ജില്ലാ മിഷന്‍െറ നേതൃത്വത്തില്‍ കര്‍മപദ്ധതി തയാറായി. കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്നേഹനിധി പദ്ധതിയുടെ ഭാഗമായാണ് സ്നേഹവീടുകള്‍ ഉയരുന്നത്. ദുരിതവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന അയല്‍ക്കൂട്ട അംഗങ്ങളെ സഹായിക്കാന്‍ സി.ഡി.എസ് തലത്തില്‍ കുടുംബശ്രീ അംഗങ്ങളില്‍നിന്ന് സ്വരൂപിക്കുന്ന പണം ഉപയോഗിച്ചാണ് സ്നേഹനിധി രൂപവത്കരിക്കുക. വിവിധ കാരണങ്ങളാല്‍ അവശതയനുഭവിക്കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈത്താങ്ങാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ പദ്ധതി കുറേക്കൂടി വിപുലമാക്കി നടപ്പാക്കുന്നതിന് കുടുംബശ്രീ മുന്നിട്ടിറങ്ങുകയായിരുന്നു. സ്നേഹനിധിയില്‍നിന്നുള്ള ചെറിയ തുകയോടൊപ്പം സുമനസ്സുകളുടെ സഹായവും സാമൂഹിക-രാഷ്ട്രീയ-വ്യാപാരി വ്യവസായി സംഘടനകളുടെ പങ്കാളിത്തവും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാറിന്‍െറയും മറ്റ് ഏജന്‍സികളുടെയും ധനസഹായം ലഭിച്ചാല്‍പോലും വീട് നിര്‍മിക്കാന്‍ കഴിയാത്തത്ര അവശത അനുഭവിക്കുന്ന കുടുംബങ്ങളില്‍നിന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടത്തെുന്നത്. സ്നേഹനിധി സ്നേഹവീടുകളുടെ പ്രഖ്യാപനവും ജില്ലാതല വാര്‍ഷികത്തിന്‍െറ ഉദ്ഘാടനവും ആഗസ്റ്റ് ആറിന് രാവിലെ 10ന് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും. പ്രഫ. എ.കെ. പ്രേമജം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.