‘സവാരി ഗിരിഗിരി’: 17ന് ജില്ലയിലെ ബസ് ഉടമകളുടെ യോഗം

കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘സവാരി ഗിരിഗിരി’ പദ്ധതിയുമായി ബന്ധപ്പെട്ട് 17ന് ജില്ലയിലെ എല്ലാ ബസുടമകളുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ കലക്ടറേറ്റ് ചേംബറില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രഫ. സജി ഗോപിനാഥ് സവാരി ഗിരിഗിരിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുഗമവുമായി യാത്രചെയ്യാനുളള സാഹചര്യം ഒരുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബസ് ഉടമകളുടെ കൂട്ടുത്തരവാദിത്തത്തിലൂടെ ബസില്‍ കുട്ടികളെ കയറ്റുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് ഉടമകള്‍ സസന്തോഷം മുന്നോട്ടുവന്നു. വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയാലും ഇല്ളെങ്കിലും കണ്‍സഷന്‍െറ വരുമാനം തുല്യമായി ഭാഗിക്കപ്പെടുമെന്നതിനാല്‍ ബസുടമകളുടെ വ്യക്തിഗത പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും. യാത്രാസൗകര്യവുമായി ബന്ധപ്പെട്ട് വെര്‍ച്വല്‍ അക്കൗണ്ട് ഏര്‍പ്പെടുത്തിയാണ് കൂട്ടായ്മയിലൂടെ ഇത് സാധ്യമാകുന്നത്. യോഗത്തില്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍, ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ എന്നീ സംഘടനകളെ പ്രതിനിധാനം ചെയ്ത് എം.കെ. സുരേഷ് ബാബു, കെ. രാധാകൃഷ്ണന്‍, എ. ശശിധരന്‍, പി.എല്‍. ജോണ്‍, എം.കെ.പി. മുഹമ്മദ്, കെ.പി. സതീഷ് ബാബു, ടെക്നോവിയ ഇന്‍ഫോ സൊലൂഷന്‍സ് സി.ഇ.ഒ നിശാന്ത് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.