പുതിയ ബസ്സ്റ്റാന്‍ഡില്‍ കച്ചവടക്കാര്‍ക്ക് ഗുണ്ടാ ഭീഷണി

കോഴിക്കോട്: മാഫിയകള്‍ വാഴുന്ന കോഴിക്കോട് മാവൂര്‍ റോഡ് പുതിയ ബസ്സ്റ്റാന്‍ഡില്‍ കച്ചവടക്കാര്‍ക്ക് പട്ടാപ്പകല്‍ ഗുണ്ടാ ഭീഷണി. തിങ്കളാഴ്ച ‘മാധ്യമം നഗരവൃത്തം’ കോളത്തില്‍ ‘മാതൃകയല്ല, ഇത് മാഫിയാ ബസ്സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബസ്സ്റ്റാന്‍ഡിനുള്ളിലെ ചില കച്ചവടക്കാര്‍ക്കുനേരെ ആറോളം പേര്‍ സംഘടിതരായത്തെി ഭീഷണി മുഴക്കിയത്. പത്രത്തില്‍ വാര്‍ത്ത നല്‍കിയതിനു പിന്നില്‍ കച്ചവടക്കാരാണ് എന്നാരോപിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. ചില ഷോപ്പുകളില്‍ ചെന്ന് ഇവര്‍ ഫോട്ടോയെടുക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് കച്ചവടക്കാരെ ഭീഷണിപ്പെടുത്താന്‍ ഒരുസംഘം പരസ്യമായി രംഗത്തുവന്നത്. ചില കച്ചവടക്കാര്‍ക്കുനേരെ വധഭീഷണിയുയര്‍ത്തിയതായി വ്യാപാരികള്‍ പറഞ്ഞു. ഇതിനെതിരെ ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാനും ഭീഷണിക്കാരെ ഒറ്റക്കെട്ടായി ചെറുക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും ചൊവ്വാഴ്ച വ്യാപാരി സംഘടനകള്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. സ്റ്റാന്‍ഡില്‍ അനധികൃത കച്ചവടക്കാരുടെ വിളയാട്ടവും ചൂതാട്ടക്കാരുടെ ശല്യവും മൂലം വ്യാപാരികളും യാത്രക്കാരും പൊറുതിമുട്ടുന്നതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്ന സംഭവങ്ങളാണ് തിങ്കളാഴ്ച സ്റ്റാന്‍ഡിലുണ്ടായത്. പത്രവാര്‍ത്തയെ തുടര്‍ന്ന് പൊലീസും കോര്‍പറേഷന്‍ അധികൃതരും സ്റ്റാന്‍ഡില്‍ നിരീക്ഷണം ശക്തമാക്കി. നിരവധി അനധികൃത കച്ചവടങ്ങള്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഷാഡോ പൊലീസ് സജീവസാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ബസ്സ്റ്റാന്‍ഡിന്‍െറ പഴയ കെട്ടിടത്തിന്‍െറ രണ്ടാം നിലയില്‍ ലുഡോ ബോര്‍ഡ് കളിയുടെ മറവില്‍ ചൂതാട്ടം നടത്തുന്ന സംഘം തിങ്കളാഴ്ച രാവിലെ മുതല്‍ അപ്രത്യക്ഷരായി. ഇവരില്‍പെട്ട ചിലരാണ് വ്യാപാരികള്‍ക്കുനേരെ ഭീഷണിയുമായി രംഗത്തുവന്നത്. അതേസമയം, പത്രവാര്‍ത്തയെ തുടര്‍ന്ന് നിരപരാധികളായ ഫുട്പാത്ത് കച്ചവടക്കാര്‍ക്കുനേരെ ഉദ്യോഗസ്ഥര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതായി സ്റ്റാന്‍ഡിനകത്ത് താല്‍ക്കാലിക കച്ചവടം നടത്തുന്നവര്‍ ആരോപിച്ചു. പൊലീസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍ഡിനകത്ത് താല്‍ക്കാലിക കച്ചവടം നടത്തുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.