കോട്ടയം നഗരത്തിന് 140 വയസ്സ്​; ചരിത്രസ്മരണയിൽ നഗരശിൽപി ദിവാൻ പേഷ്കാർ ടി. രാമറാവു

കോട്ടയം: ഭരണാധികാരിയായിരുന്ന ദിവാൻ പേഷ്കാർ ടി. രാമറാവു കോട്ടയം നഗരത്തിനു ശിലയിട്ടിട്ട് 140 വർഷം. സംസ്ഥാന രൂപവത്കരണത്തിനുശേഷം ജില്ല ആസ്ഥാനമായ കോട്ടയം നഗരത്തിൻെറ ഇന്നത്തെ വികസനത്തിലേക്കുള്ള ആദ്യചുവടുവെപ്പ് നടത്തിയത് ടി. രാമറാവുവിൻെറ ഭരണകാലത്താണ്. തിരുവിതാംകൂർ രാജാവിൻെറ കീഴിൽ അദ്ദേഹം ഭരണാധികാരിയായിരുന്ന 1879 മുതൽ 1896 വരെയാണ് പുരാതന കോട്ടയത്തിൻെറ സുവർണകാലം. കോട്ടയത്തെ ഏറ്റവും ഉയർന്ന പ്രദേശമായ വയസ്കരയിൽ താമസിച്ചാണ് അദ്ദേഹം നഗരവികസന ചിന്തക്ക് തിരികൊളുത്തിയത്. തിരുവിതാംകൂറിൻെറ വടക്കൻമേഖലയുടെ ആസ്ഥാനം ചേർത്തല ആയിരുന്നത് രാമറാവുവാണ് 1880ൽ കോട്ടയത്തേക്ക് മാറ്റിയത്. തുടർന്നുള്ള രണ്ടു വർഷംകൊണ്ട് പട്ടണം യാഥാർഥ്യമായി മാറി. നഗരമധ്യത്തിൽ രൂപം നൽകിയ തിരുനക്കര മൈതാനത്തിനു പിന്നിൽ നൂറുകണക്കിന് ആളുകളുടെ പ്രയത്നവും ഭരണാധികാരിയുടെ ദീർഘവീക്ഷണവും ധൈഷണികതയും ഒത്തുചേർന്നിട്ടുണ്ട്. പാറക്കെട്ട് നിറഞ്ഞ ഭൂമിയാണ് ഇന്നത്തെ നിലയിലുള്ള പരന്ന മൈതാനമായി നിർമിച്ചെടുത്തത്. ഭരണപരമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു മൈതാനം രൂപം കൊണ്ടത്. ഇതോട് ചേർന്ന് പേഷ്കാർ ഓഫിസും സ്ഥാപിച്ചിരുന്നു. ഹൈറേഞ്ചിലേക്കെത്താനുള്ള കെ.കെ. റോഡിൻെറ നിർമാണത്തിനും തുടക്കമിട്ടതും ഇക്കാലത്താണ്. കാർഡമം ഹിൽറോഡ് എന്നായിരുന്നു ആദ്യപേര്. നഗരമധ്യത്തിൽ ക്ലബും വായനശാലയും സ്ഥാപിച്ചു. യൂനിയൻ ക്ലബ് ഇന്നും സജീവമായുണ്ട്. വായനശാല വികസിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയായി അക്ഷരനഗരിയുടെ അഭിമാനമായി നിൽക്കുന്നു. രാജ്യത്തുതന്നെ ആദ്യവള്ളംകളികളിലൊന്നായി ചരിത്രത്തിൽ ഇടംപിടിച്ച താഴത്തങ്ങാടി വള്ളംകളിക്കും ഇക്കാലത്താണ് തുടക്കമിട്ടത്. ഭരണകാര്യാലയങ്ങളും കോടതിയും ജയിലും ആദ്യമായി കോട്ടയത്ത് സ്ഥാപിതമായതും ഇക്കാലത്ത്. ആധുനിക ചികിത്സക്കായി രാമറാവു സ്ഥാപിച്ച അലോപ്പതി ആശുപത്രി പിന്നീട് കോട്ടയം ജില്ല ആശുപത്രിയായി ആരോഗ്യസുരക്ഷയുടെ അടയാളമായി. സി.എസ്.ഐ മിഷനറിമാർ സ്ഥാപിച്ച കോട്ടയം സി.എം.എസ് കോളജിലെ സമർഥരായ കുട്ടികൾക്ക് 25 രൂപ സ്കോളർഷിപ് ഇദ്ദേഹം ഏർപ്പെടുത്തിയിരുന്നതായും പറയുന്നു. പിന്നീട് 1924ലാണ് കോട്ടയം നഗരസഭ സ്ഥാപിക്കപ്പെട്ടത്. 1880വരെ അടിമവ്യാപാരത്തിൻെറ കുപ്രസിദ്ധിയും പാറക്കെട്ടിെൻയും കൊടുംകാടിൻെറയും ഇരുളും നിറഞ്ഞ കോട്ടയത്തിൻെറ സർവതോമുഖ വികസനത്തിൻെറ മുഖപടം തെളിയിച്ച ഭരണകർത്താവ് ടി. രാമറാവുവിൻെറ സ്മരണയിലാണ് 140ാം വയസ്സിലെത്തിയ കോട്ടയത്തിൻെറ ചരിത്രമുണരുന്നത്. (ചിത്രം -കോട്ടയം നഗരമധ്യത്തിലെ തിരുനക്കര മൈതാനം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.