ശബരിമല തീര്‍ഥാടനം: ഏറ്റുമാനൂരില്‍ ഹരിതപെരുമാറ്റച്ചട്ടം കര്‍ശനമാക്കും

ഏറ്റുമാനൂര്‍: മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലും ഏറ്റുമാനൂര്‍, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിലും പ്ലാസ്റ്റിക് നിരോധനം കര്‍ക്കശമാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ല ഭരണകൂടത്തിൻെറയും തദ്ദേശസ്ഥാപനങ്ങളുടെയും പൊലീസിൻെറയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തീര്‍ഥാടനകാലത്തിന് മുന്നോടിയായി നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ.കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള തീർഥാടകര്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ആഹാരവും കുടിവെള്ളവും കൊണ്ടുവരുന്നത് തടയും. പ്ലാസ്റ്റിക്കിനെതിരെ സംഘടിത പ്രവര്‍ത്തനം നടത്തും. ക്ഷേത്രപരിസരത്തും നഗരത്തിൻെറ വിവിധ ഭാഗങ്ങളിലുമായി മൂന്ന് ബോട്ടില്‍ ഹട്ടുകള്‍ സ്ഥാപിക്കും. ക്ഷേത്രപരിസരം ദിവസവും രണ്ടുനേരം ഹരിതകര്‍മസേനയും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് വൃത്തിയാക്കും. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കണമെന്നും അല്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വ്യാപാരസ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ആരെയും കച്ചവടസ്ഥാപനങ്ങളില്‍ ജോലിക്കുനിര്‍ത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ വിഭാഗവും നഗരസഭയുടെ ആരോഗ്യവിഭാഗവും കടകളില്‍ പരിശോധന കര്‍ശനമാക്കും. ഇതിന് മുന്നോടിയായി നവംബര്‍ ആറിന് ഫുഡ് സേഫ്റ്റി വിഭാഗത്തിൻെറ മൊബൈല്‍ ലബോറട്ടറി ഏറ്റുമാനൂരില്‍ പരിശോധനക്കെത്തും. ശബരിമലയിലേക്കുള്ള യാത്രക്കിടയില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും വിരി െവക്കുന്നതിനും മതിയായ സൗകര്യങ്ങളുണ്ടാകും. ദേവസ്വം ബോര്‍ഡിൻെറ ഓഡിറ്റോറിയം ഉള്‍പ്പെടെ താമസസൗകര്യമുള്ള കെട്ടിടങ്ങള്‍ വിശ്രമ കേന്ദ്രങ്ങളാക്കും. കുടിവെള്ളവും ശുചിമുറി സൗകര്യവും ഉറപ്പാക്കും. നിലവിലുള്ള ശുചിമുറികള്‍ക്കുപുറമേ 10 ബയോ ടോയ്‌ലെറ്റുകളും സ്ഥാപിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമും സി.സി.ടി.വി കാമറകളും സജ്ജമാക്കും. വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കും. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കും. ഭക്തര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് ആരോഗ്യവകുപ്പ് സംവിധാനമേര്‍പ്പെടുത്തും. ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കും. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ല ഭരണകൂടം ഏകോപിപ്പിക്കും. ഹരിത നിയമാവലി കൃത്യമായി പാലിച്ചും പരാതികള്‍ക്ക് ഇടവരാതെയും തീര്‍ഥാടനകാലം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, നഗരസഭ ആരോഗ്യസ്ഥിരം സമിത അധ്യക്ഷന്‍ ടി.പി. മോഹന്‍ദാസ്, ദേവസ്വം കമീഷണര്‍ എന്‍. ഹര്‍ഷന്‍, കലക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ല പൊലീസ് മേധാവി പി.എസ്. സാബു, ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, ആര്‍.ഡി. അനില്‍ ഉമ്മന്‍, അഡ്വ. കമീഷണര്‍ എ.എസ്.പി. കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. യാത്ര സൗകര്യം കാര്യക്ഷമമാക്കുന്നതിന് രൂപരേഖ തയാറാക്കും ഏറ്റുമാനൂര്‍: തീര്‍ഥാടനകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സര്‍വിസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും മുനിസിപ്പല്‍ അധികൃതരും ചേര്‍ന്ന് രൂപരേഖ തയാറാക്കും. ക്ഷേത്രമൈതാനത്തുനിന്ന് പതിവുപോലെ ദിവസവും ബസ് സര്‍വിസ് ഉള്ളത് കൂടാതെ 24 മണിക്കൂറും ബസുകള്‍ സ്റ്റാൻഡില്‍ കയറിയിറങ്ങണമെന്ന നിര്‍ദേശമുണ്ടായി. നിലവില്‍ സന്ധ്യ കഴിഞ്ഞാല്‍ നല്ലൊരു ശതമാനം ബസുകളും കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡില്‍ കയറാറില്ല. യാത്രക്കാര്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറികള്‍ പൂട്ടിയിട്ടിരിക്കുന്നു. സ്റ്റാൻഡില്‍ വെള്ളമില്ല. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും ഒഴിഞ്ഞുകിടക്കുന്നു. യാത്രക്കാര്‍ക്ക് സര്‍വിസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേരുക. കഴിഞ്ഞവര്‍ഷം നടന്ന അവലോകനയോഗത്തിനുശേഷം ടെമ്പിള്‍ റോഡിലൂടെ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം ക്ഷേത്ര ഉപദേശക സമിതി ഹൈകോടതി ഉത്തരവ് ഉപയോഗിച്ച് റദ്ദാക്കിച്ചിരുന്നു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ പറ്റാത്തവിധമായി. സീസണായാല്‍ കുരുക്ക് മുറുകുമെന്നും വണ്‍വേ സിസ്റ്റം പുനഃസ്ഥാപിച്ചാലേ എന്തെങ്കിലും ചെയ്യാനാവൂ എന്നും ജില്ല പൊലീസ് മേധാവി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.