ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ ​െതര​െഞ്ഞടുപ്പ്: ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും

ഈരാറ്റുപേട്ട: വരണാധികാരിയുടെ പിഴവ് മൂലം ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ വിമത സി.പി.എം കൗൺസിലറായ ടി.എം. റഷീദ് നൽകിയ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. തെരെഞ്ഞടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ടി.എം റഷീദിനായിരുന്നു. കൂടുതല്‍ വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ട തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതിരുന്ന വരണാധികാരിയുടെ നടപടി ചോദ്യം ചെയ്താണ് ഹരജി. ഇതിൽ ചെയർമാനായി തന്നെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം 16നാണ് നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. സി.പി.എം വിമതൻ ടി.എം. റഷീദിന് 12ഉം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എം. സിറാജിന് 11ഉം എൽ.ഡി.എഫ് സ്ഥാനാർഥി ലൈല പരീതിന് മൂന്നും വോട്ട് ലഭിച്ചു. തുടർന്ന് ടി.എം. റഷീദിനെ വിജയിയായി പ്രഖ്യാപിച്ച വരണാധികാരി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചു. ഡയസിലെത്തി സത്യപ്രതിജ്ഞക്കൊരുങ്ങവെയാണ് മൂന്നാം സ്ഥാനത്തെത്തിയ ആളെ ഒഴിവാക്കി വീണ്ടും വോട്ടിനിടണമെന്ന ചട്ടമുണ്ടെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടിയത്. ഇത് പരിശോധിച്ച വരണാധികാരി തെറ്റ് സമ്മതിക്കുകയും തെരഞ്ഞെടുപ്പ് റദ്ദാക്കുകയുമായിരുന്നു. കൗണ്‍സിലര്‍മാര്‍ ഹാൾ വിട്ടുപോയതിനാലാണ് തെരെഞ്ഞടുപ്പ് റദ്ദാക്കിയതെന്നും തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനത്തിന് വിട്ടതായും വരണാധികാരി കൗൺസിലർമാരെ അറിയിക്കുകയും ചെയ്തു. ഇൗ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനും വരണാധികാരിക്കും നഗരസഭ സെക്രട്ടറിക്കും സ്ഥാനാർഥികളായ വി.എം. സിറാജിനും ലൈല പരീതിനും ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ടി.എം. റഷീദിൻെറ ഹരജിക്കെതിരെ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും അറിയിച്ചു. വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ ഇനി ഹൈകോടതി വിധി ആശ്രയിച്ചാവും നഗരസഭയുടെ പുതിയ ചെയര്‍മാൻ തെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.