കൂടിയ മഴ കിട്ടിയിട്ടും അണക്കെട്ടുകൾ നിറയാൻ വേണം തുലാമഴ

തൊടുപുഴ: സംസ്ഥാനത്ത് ഇക്കുറി ലഭിച്ച കാലവര്‍ഷം മഹാപ്രളയമഴയിലും അധികം. ഒക്ടോബർ 15വരെ 15.5 ശതമാനം അധികമഴ (243.6 സെ.മീ) ലഭ ിച്ചതായാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിൻെറ (ഐ.എം.ഡി) കണക്ക്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30വരെയാണ് തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണെങ്കിലും ഇടവേളയില്ലാതെ മഴ തുടരുമെന്ന നിഗമനം തെറ്റിക്കാെത തുലാമഴയും പ്രവചനമനുസരിച്ച് എത്തി. ഈ മാസം 18ഓടെ തുലാമഴ എത്തുമെന്ന സ്വകാര്യ കാലാവസ്ഥ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ശരിവെച്ച് 16ന് തന്നെ തുലാമഴക്ക് തുടക്കമായി. തുലാമഴയും കനക്കുമെന്നാണ് നിഗമനം. അഞ്ചു ദിവസത്തേക്ക് കനത്ത മഴയാണ് പ്രവചനം. സെപ്റ്റംബര്‍ ഒന്നു മുതല്‍ 30വരെ 898.2 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നത്ര നീരൊഴുക്കാണ് അണക്കെട്ടുകളില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും 1236.638 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ലഭ്യമായി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളുണ്ടായതാണ് അധികമഴക്ക് കാരണമായത്. പാലക്കാട് 41 ശതമാനം മഴ കൂടുതല്‍ ലഭിച്ചപ്പോള്‍ ഇടുക്കിയില്‍ 12 ശതമാനവും വയനാട് ഏഴു ശതമാനവും കുറഞ്ഞു. കോഴിക്കോട് 34 ശതമാനം മഴ കൂടുതല്‍ ലഭിച്ചു. എറണാകുളം -30, തിരുവനന്തപുരം -20, കണ്ണൂര്‍ -19, മലപ്പുറം -18, കാസർകോട് -15, കോട്ടയം -14, കൊല്ലം -11, തൃശൂര്‍ -10, പത്തനംതിട്ട -ആറ്, ആലപ്പുഴ -നാലു ശതമാനം വീതവും മഴ കൂടി. 2018ല്‍ 23 ശതമാനം മഴയാണ് ഇതേ കാലയളവില്‍ കൂടുതൽ ലഭിച്ചത്. മഹാപ്രളയകാലത്ത് 251.57 സെ.മീ. മഴയാണ് ലഭിച്ചത്. അന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ കൂടിയത്. ഇടുക്കിയില്‍ 67, പാലക്കാട് 51 ശതമാനവും വർധന രേഖപ്പെടുത്തി. മൺസൂണിൽ 70 ശതമാനവും തുലാമഴയിൽ 30 ശതമാനവും ജലം അണക്കെട്ടുകളിൽ ഒഴുകിയെത്തുമെന്നാണ് കണക്ക്. ഇക്കുറി പ്രതീക്ഷക്കനുസരിച്ച് മഴ ലഭിച്ചാൽ തുലാമഴ പിന്നിടും മുേമ്പ അണക്കെട്ടുകളിൽ ജലസമൃദ്ധിക്കാണ് സാധ്യത. 3043.866 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള ജലമാണ് എല്ലാ അണക്കെട്ടുകളിലുമായി ഇപ്പോഴുള്ളത്. സംഭരണശേഷിയുടെ 74 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം 3294.363 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2376.84 അടിയാണ്. സംഭരണശേഷിയുടെ 71 ശതമാനം. 66.971 ദശലക്ഷം യൂനിറ്റായിരുന്നു ഞായറാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതിൽ 20.2945 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉൽപാദനവും 46.6765 ദശലക്ഷം യൂനിറ്റ് പുറമെനിന്ന് വാങ്ങിയതും. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.