'മാധ്യമം' ഇംപാക്ട്.... കെ.ടി.ഡി.സി ഉണർന്നു: തേക്കടിയിൽ 'ജലജ്യോതി' ഓടിത്തുടങ്ങി

കുമളി: നിർമാണം പൂർത്തിയായിട്ടും തേക്കടി തടാകതീരത്ത് വിശ്രമത്തിലായിരുന്ന 'ജലജ്യോതി' വ്യാഴാഴ്ച മുതൽ സർവിസ് തുടങ്ങി. ഉദ്ഘാടന മാമാങ്കമില്ലാതെ രാവിലെ 11.15ൻെറ സവാരി സമയത്താണ് വിനോദസഞ്ചാരികളുമായി കന്നിയാത്ര നടത്തിയത്. തേക്കടിയിൽ കെ.ടി.ഡി.സി ബോട്ടുകൾ സർവിസ് ആരംഭിക്കാത്തത് സംബന്ധിച്ച് 'മാധ്യമം' നൽകിയ വാർത്തയെ തുടർന്നാണ് ഉദ്ഘാടനം ഉപേക്ഷിച്ച് അധികൃതരുടെ അടിയന്തര നടപടി. ഇതോടൊപ്പം അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ജലരാജയും സർവിസ് പുനരാരംഭിച്ചതോടെ കെ.ടി.ഡി.സിയുടെ മൂന്ന് ഇരുനില ബോട്ടുകളാണ് ഇപ്പോൾ തടാകത്തിൽ സർവിസ് നടത്തുന്നത്. മൂന്ന് ബോട്ടുകളിലുമായി ഒരു ദിവസം 1800 സഞ്ചാരികൾക്ക് തടാകത്തിൽ യാത്ര ചെയ്യാൻ കഴിയും. ഇത് വരുംദിവസങ്ങളിലെ സഞ്ചാരികളുടെ തിരക്കിനിടയിൽ വലിയ ആശ്വാസമാകും. കെ.ടി.ഡി.സി ബോട്ടുകൾക്ക് പുറമെ വനം വകുപ്പിൻെറ നാലുബോട്ടും തടാകത്തിൽ സർവിസ് നടത്തുന്നുണ്ട്. പുതിയ ബോട്ടിൻെറ നിർമാണം പൂർത്തിയായിട്ടും തലസ്ഥാനത്ത് നിന്നുള്ള അനുമതി വൈകിയതാണ് ബോട്ട് ഓടിത്തുടങ്ങാൻ തടസ്സമായത്. ഓണക്കാലത്ത് ആവശ്യത്തിന് ബോട്ടുകൾ ഇല്ലാത്തതിനാൽ നിരവധി വിനോദസഞ്ചാരികളാണ് തേക്കടിയിലെത്തി നിരാശരായി മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.