റീസർവേയിൽ പുരയിടം തോട്ടമാക്കിയത് റദ്ദാക്കി ഉത്തരവിറക്കണം -ഇൻഫാം

കോട്ടയം: റീസർവേക്ക് ശേഷം പുരയിടങ്ങൾ തോട്ടങ്ങളായി റവന്യൂ രേഖകളിൽ മാറ്റപ്പെട്ടത് അന്വേഷണ വിധേയമാക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കൃത്രിമംകാട്ടി കൃത്യവിലോപം നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം. റവന്യൂ രേഖകളിൽ ഭൂമിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയത് റദ്ദാക്കണമെന്നും പുരയിടമെന്നുള്ളത് പുനഃസ്ഥാപിക്കണമെന്നും ഇൻഫാം ആവശ്യപ്പെട്ടു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളിലെ നാൽപതിനായിരത്തോളം പേർക്കാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ ദുരിതം കാലങ്ങളായി അനുഭവിക്കേണ്ടി വന്നത്. അടിസ്ഥാനനികുതി രജിസ്റ്ററിൽ തോട്ടം എന്നെഴുതാൻ അനുമതിയില്ലാത്തതാണ്. എം.എൽ.എമാർ 2018ൽ നിയമസഭയിൽ ഈ വിഷയത്തിൽ നാലുതവണ സബ്മിഷൻ ഉന്നയിച്ചിട്ടും ഫലമുണ്ടായില്ല. 2019-2020 സാമ്പത്തിക വർഷം കരമടച്ചപ്പോൾ ലഭിച്ച രസീതിൽ അതുവരെയും പുരയിടമായിരുന്നവകൂടി തോട്ടമായി മാറി. 2019 ഏപ്രിൽ ഒന്നിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലാതെ തുടരുന്നതിൽ ദുരൂഹതയുണ്ട്. 2018 നവംബർ 24ന് കോട്ടയം ജില്ല കലക്ടർ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ തോട്ടം എന്നത് ഭൂമിയുടെ ഇനം അല്ലാത്തതാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും ഇൻഫാം ജനറൽ സെക്രട്ടറി പറഞ്ഞു. പരിശോധിക്കാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി -കലക്ടർ കോട്ടയം: റീസർവേ അപാകതമൂലം ഭൂമിയുടെ ഇനം റവന്യൂ രേഖകളിൽ തോട്ടമെന്ന് രേഖപ്പെടുത്തിയത് ഭൂവുടമകൾക്ക് ബുദ്ധിമുട്ട് നേരിടുന്നത് മാധ്യമവാർത്തകളിലൂടെ ശ്രദ്ധയിൽപെട്ടതായും ആവശ്യമായ നടപടിക്ക് ബന്ധപ്പെട്ട തഹസിൽമാരെ ചുമതലപ്പെടുത്തിയതായും കോട്ടയം ജില്ല കലക്ടർ പി.കെ. സുധീർബാബു. റീസർവേ പിശകുകൾ പരിഹരിക്കുന്നതിനുള്ള 2017ലെ സർക്കാർ ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയത്. ഇക്കാര്യത്തിൽ ലഭിക്കുന്ന അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് തീർപ്പാക്കാനാണ് തഹസിൽദാർമാർക്ക് നിർദേശം നൽകിയതെന്നും കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.