രാഷ്​ട്രീയ നിലപാട് സ്വീകരിച്ച് ​പുറത്തുവന്നാൽ ജോസഫുമായി സഹകരിക്കുന്നത്​ ആലോചിക്കും -കോടിയേരി

പാലാ: രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പുറത്തുവന്നാൽ പി.ജെ. ജോസഫുമായി സഹകരിക്കുന്നത് ആലോചിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇത്തരം നിലപാട് സ്വീകരിച്ചവരെ ഉൾക്കൊണ്ട ചരിത്രമാണ് ഇടതു മുന്നണിക്കുള്ളത്. എന്നാൽ, തർക്കത്തിൻെറ പേരിൽ മുന്നണി വിടുന്നവർക്ക‌് പിറ്റേന്ന് കയറി വരാനുള്ള സ്ഥലമല്ല എൽ.ഡി.എഫെന്നും അദ്ദേഹം പാലായിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിഛായ തകർന്നവർക്കൊപ്പം നിൽക്കാൻ ജോസഫിന‌് കഴിയുമോ? രണ്ടുകൂട്ടർക്കും ഒന്നിച്ച‌് അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല‌. കേരള കോൺഗ്രസ‌് എമ്മിലെ തർക്കത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ചിന്ത എൽ.ഡി.എഫിനില്ല. പാലാ ഉപതെരഞ്ഞെടുപ്പിൽ യോജിച്ച സ്ഥാനാർഥിയെ നിർത്താൻപോലും യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല. മൂന്ന് കേരള കോൺഗ്രസുകാർ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതാണ‌് പാലായിലെ കാഴ‌്ച. യു.ഡി.എഫിന‌് മണ്ഡലത്തിൽ യോജിച്ച‌് പ്രവർത്തനം നടത്താൻ കഴിയുന്നില്ല. അഭിപ്രായഭിന്നത സ്വാഭാവികമാണെന്നും നവോത്ഥാന മുന്നേറ്റത്തെ ആർക്കും തകർക്കാനാകില്ലെന്നും നവോത്ഥന സമിതിയിലെ ഭിന്നതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. ആത്മഹത്യ ചെയ്ത കണ്ണൂർ ചെറുപുഴയിലെ കരാറുകാരൻ ജോസഫ‌ിൻെറ കുടുംബത്തിൻെറ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻെറ പ്രഖ്യാപനം വിജിലൻസ് അന്വേഷണം ഭയന്നാണ‌്. കളവുമുതൽ പിടിക്കപ്പെട്ടപ്പോൾ തിരിച്ചുകൊടുത്ത‌് തടിതപ്പാനുള്ള ശ്രമമാണ്. കോൺഗ്രസ‌് നിയന്ത്രണത്തിലുള്ള ട്രസ‌്റ്റ‌് നടത്തിയ കോടിക്കണക്കിന‌് രൂപയുടെ കുംഭകോണത്തിൻെറ ഫലമായാണ് ജോസഫ‌് ആത്മഹത്യ ചെയ്തത്. സമഗ്ര അന്വേഷണം നടത്തി കുംഭകോണം പുറത്തുകൊണ്ടുവരണമെന്ന‌് കോടിയേരി ആവശ്യപ്പെട്ടു. പി.എസ‌്.സി ചോദ്യപേപ്പറിൽ ഘട്ടംഘട്ടമായി മലയാളം ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണം. ഭരണഭാഷയെന്ന നിലയിൽ മലയാളത്തിന‌് അർഹമായ പരിഗണന എല്ലാ രംഗത്തും നൽകണമെന്നതാണ‌് പാർട്ടി നിലപാട്. ചോദ്യപേപ്പറിൽ മലയാളം ഉൾപ്പെടുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട‌് പി.എസ‌്.സി അറിയിച്ചിട്ടുണ്ട‌്. ഇതിൻെറ അടിസ്ഥാനത്തിൽ 16ന‌് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത‌് ചർച്ച നടത്തും. പി.എസ‌്.സിയാണ‌് അന്തിമ തീരുമാനമെടുക്കേണ്ടത‌്. മലയാളം ചോദ്യപേപ്പറെന്ന ആവശ്യം പൂർണമായി നിരാകരിക്കേണ്ട ഒന്നല്ല. ഏതെല്ലാം പരീക്ഷകളിൽ മലയാളം ചോദ്യപേപ്പർ ഉൾപ്പെടുത്താനാകുമെന്നത‌് ആലോചിക്കണം‌. എൽ.ഡി.എഫ‌് മണ്ഡലത്തിൽ ശക്തമായ പ്രവർത്തനവുമായി മുന്നേറുകയാണ‌്. ഇത്തവണ പാലായിൽ എൽ.ഡി.എഫ‌് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണപ്രവർത്തനം വിലയിരുത്താനാണ് കോടിയേരി പാലായിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.