പത്രിക സമർപ്പണം കഴിഞ്ഞു, പാലായുടെ മനസ്സിലേറാൻ മുന്നണികൾ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായതോടെ പ്രചാരണ തന്ത്രങ്ങളുമായി മുന്നണികൾ സജീവമായി. അരനൂറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ ഓർമയുണർത്തിയാകും യു.ഡി.എഫിൻെറ മുഖ്യപ്രചാരണം. മാണിയുടെ പിന്തുടർച്ചാവകാശം കൈവിട്ടുപോവാതിരിക്കാൻ അരയും തലയും മുറുക്കിയുള്ള പ്രചാരണരീതിയാണ് ‍യു.ഡി.എഫ് ആസൂത്രണം ചെയ്തത്. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫ് പ്രചാരണ തന്ത്രങ്ങളുടെ മുഖ്യ സൂത്രധാരൻ. മാണിക്കൊപ്പംനിന്ന സമുദായ വോട്ടുകൾ ഉറപ്പിക്കാനാകും കൂടുതൽ പ്രയാസപ്പെടേണ്ടിവരികയെന്ന തിരിച്ചറിവിലാണ് യു.ഡി.എഫ് നേതൃത്വം. റബർവിലയിടിവും കർഷപ്രശ്നങ്ങളും യു.ഡി.എഫ് ഉയർത്തിക്കാട്ടും. കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോൾ ബജറ്റിലൂടെ കൊണ്ടുവന്ന വിലസ്ഥിരത പദ്ധതി നിലച്ചതും കാരുണ്യപദ്ധതിയും പ്രളയ സഹായപദ്ധതിയും സർക്കാറിനെതിരെ പ്രചാരണായുധമാക്കും. സ്ഥാനാർഥിയെക്കാൾ കെ.എം. മാണി എന്ന അദൃശ്യ സ്ഥാനാർഥിക്കായിരിക്കും യു.ഡി.എഫ് പ്രചാരണത്തിൽ മുൻതൂക്കം. എന്നാൽ, കെ.എം. മാണിയില്ലാത്ത യു.ഡി.എഫിൻെറ ദുർബലതയായിരിക്കും എൽ.ഡി.എഫ് പ്രചാരണായുധം. രാഷ്ട്രീയപരമായി യു.ഡി.എഫ് കോട്ടയായാണ് മണ്ഡലത്തെ വിലയിരുത്തുന്നത്. അതിനാൽ രാഷ്ട്രീയം പറഞ്ഞ് വിജയിക്കാൻ പാടാണെന്ന് എൽ.ഡി.എഫിന് നന്നായറിയാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 4703 വോട്ടിലേക്ക് മാണിയുടെ ഭൂരിപക്ഷം കുറക്കാനായത് മറികടക്കാനുള്ള ആസൂത്രണങ്ങളാണ് എൽ.ഡി.എഫ് നടപ്പാക്കുക. കെ.എം. മാണിയെന്ന അതികായനോട് തുടർച്ചയായി മൂന്നുപ്രാവശ്യം പരാജയപ്പെട്ട മാണി സി. കാപ്പന് ഒരവസരമെന്ന സഹതാപ പ്രചാരണവും വോട്ടർമാരിലെത്തിക്കാൻ ശ്രമിക്കും. സംസ്ഥാന സർക്കാർ നേട്ടങ്ങളും കേന്ദ്രഭരണത്തിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളും ആയുധമാക്കും. ശബരിമല സ്ത്രീപ്രവേശനവിഷയം നഷ്ടമാക്കിയ വോട്ട് ഇത്തവണ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളും എൽ.ഡി.എഫ് ആസൂത്രണം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ വികസനങ്ങളും ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സംസ്ഥാന സർക്കാർ നിലപാടുമാകും എൻ.ഡി.എയുടെ മുഖ്യപ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ. ഹരി നേടിയ 24630 വോട്ട് ഉയർത്തിക്കാട്ടുന്നതിലൂടെ അധികം വോട്ട് നേടാനാവുമെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷങ്ങളുടെ വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങളും ആലോചിക്കുന്നുണ്ട്. കാർഷിക പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസ് നയങ്ങളാണെന്ന പ്രചാരണത്തിലൂടെ കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങൾ മറികടക്കാനാവും നീക്കം. പ്രളയപുനരധിവാസത്തിൽ സർക്കാർ വീഴ്ച ഉയർത്തിക്കാട്ടിയുള്ള പ്രചാരണവും നടത്തും. ഭൂരിപക്ഷ സമുദായങ്ങളുടെ പരമാവധി വോട്ട് ഉറപ്പിക്കുന്ന തന്ത്രങ്ങളുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.