ദുരിതാശ്വാസ പ്രവര്‍ത്തനം ഊർജിതം; ആശങ്ക വേണ്ടെന്ന് മന്ത്രി പി. തിലോത്തമന്‍

കോട്ടയം: ജില്ലയിൽ ജലനിരപ്പ് ഉയർന്ന മേഖലകളിലെല്ലാം ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ജില്ല ദുരന്ത നിവാരണ അതോറിറ്റിയും വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥരും രാപകൽ വ്യത്യാസമില്ലാതെ ജാഗ്രത പുലർത്തുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാനും വെള്ളപ്പൊക്ക സാധ്യത മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനം സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം ജില്ലയിലെ സ്ഥിതിഗതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി. കലക്ടർ പി.കെ. സുധീർ ബാബു, സബ് കലക്ടർ ഈഷ പ്രിയ, എ.ഡി.എം. അലക്സ് ജോസഫ്, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു. സംക്രാന്തി എസ്.എൻ.എൽ.പി.എസ്, പള്ളിപ്പുറം സൻെറ് മേരീസ് പള്ളി ഹാൾ, പുന്നത്തുറ സൻെറ് ജോസഫ്സ് എച്ച്.എസ്, അയർക്കുന്നം മഠത്തിക്കവല അംഗൻവാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രി സന്ദര്‍ശനം നടത്തി. കലക്ടറും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.