സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ ഹരജി നൽകുമെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: മലങ്കര സഭ തർക്കത്തിലെ അന്തിമ സുപ്രീംകോടതി വിധി ഏഴു ദിവസത്തിനുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കോടതിയലക്ഷ്യ ഹരജി നൽകുമെന്ന് ഓർത്തഡോക്സ് സഭ. ഇക്കാര്യം കാട്ടി ചീഫ് സെക്രട്ടറി ടോം ജോസിന് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നോട്ടീസ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ വിധി നടപ്പാക്കുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. നോട്ടീസ് ചീഫ് സെക്രട്ടറിക്ക് മെയിലായും രജിസ്റ്റേർഡ് തപാലിലും അയച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി നിയമപ്രകാരം നൽകേണ്ട നോട്ടീസാണ് ഇതെന്ന് ബിജു ഉമ്മൻ പറഞ്ഞു. കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ചീഫ് സെക്രട്ടറിക്ക് സഭ നേതൃത്വം കത്തയച്ചിരുന്നു. ഇതിൽ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നോട്ടീസിലേക്ക് നീങ്ങിയതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിട്ടുവീഴ്ചക്ക് തയാറല്ല, വിധി നടപ്പാക്കിയശേഷമാകാം ചർച്ചയെന്നും ബിജു ഉമ്മൻ വ്യക്തമാക്കി. ആവർത്തിച്ചുണ്ടാകുന്ന സുപ്രീംകോടതി വിധികൾ നടപ്പാക്കാതെ മനഃപൂർവമായി വീഴ്ചവരുത്തുകയാണെന്ന് നോട്ടീസിൽ പറയുന്നു. നിരവധി നിവേദനങ്ങൾ നൽകിയിട്ടും കോടതി വിധികൾ നടപ്പാക്കുന്നതിൽ സർക്കാറിൻെറ ഭാഗത്തുനിന്ന് ബോധപൂർവമായ വൈകിപ്പിക്കൽ ഉണ്ടാകുന്നതായി സഭ കരുതുന്നു. രാജ്യത്തിൻെറ നിയമമായ സുപ്രീംകോടതി വിധികൾ മനഃപൂർവം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തുടർച്ചയായ ശ്രമങ്ങളും അതിനുവേണ്ടി മന്ത്രിസഭ ഉപസമിതിയെ നിയമിച്ചതും നിയമവിരുദ്ധമാണെന്നും കത്തിൽ പറയുന്നു. സഭ തർക്കത്തിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായി വന്നിട്ടുള്ള വിധികൾ അക്കമിട്ടുനിരത്തുന്നുണ്ട്. ഒപ്പം തർക്കവിഷയങ്ങളിൽ വിശദീകരണവും നൽകുന്നുണ്ട്. നേരേത്ത, മന്ത്രിസഭ ഉപസമിതി വിളിച്ച യോഗം ഓർത്തഡോക്സ് സഭ ബഹിഷ്കരിച്ചിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് പ്രശ്നപരിഹാരത്തിനു ഏകമാർഗമെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വീണ്ടും ചർച്ചയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കാട്ടിയാണ് ചർച്ച ബഹിഷ്കരിച്ചത്. തുടർന്ന് ഓർത്തഡോക്സ് സഭ സർക്കാറിന് കത്തും നൽകി. പിന്നീട് സർക്കാർ ചർച്ച മാറ്റിയിരുന്നു. ആദ്യചർച്ചയും ഓർത്തഡോക്സ് സഭ ബഹിഷ്കരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.