എസ്.എം.ഇ വിദ്യാർഥികള്‍ മെഡിക്കല്‍ കോളജിലേക്ക്​ മാർച്ച്​ നടത്തി

കോട്ടയം: സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷൻ വിദ്യാർഥികള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റിങ് നിഷേധിക്കുന്നതായി പരാതി. പോസ്റ്റിങ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് വിദ്യാർഥികള്‍ മാര്‍ച്ച് നടത്തി. ഇനിയും ഇത് തുടര്‍ന്നാല്‍ രണ്ടായിരത്തോളം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് വിദ്യാർഥികൾ അറിയിച്ചു. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ 11 കോഴ്‌സുകളിലെ വിദ്യാർഥികള്‍ക്ക് മെഡിക്കല്‍ കോളജില്‍ പോസ്റ്റിങ് അനുവദിച്ച് 2018ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നഴ്‌സിങ് ഒഴികെ മറ്റ് കോഴ്‌സുകളിലെ വിദ്യാർഥികള്‍ക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പോസ്റ്റിങ് അനുവദിക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ റേഡിയോതെറപ്പി കോഴ്‌സിനുള്ള ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷന്‍ നഷ്ടപ്പെടുന്ന അവസ്ഥയും ഇതിനാൽ നിലനിൽക്കുന്നു. ഈ അധ്യയന വര്‍ഷത്തെ പുതിയ പ്രവേശനവും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വിദ്യാർഥികള്‍ സമരവുമായി രംഗത്തിറങ്ങിയത്. ജൂലൈ 12ന് ആരോഗ്യസര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ ചേരുമ്പോള്‍ ഈ കോഴ്‌സിലെ വിദ്യാർഥികള്‍ക്ക് പോസ്റ്റിങ് നല്‍കാമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ സാക്ഷ്യപത്രം നല്‍കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. മാര്‍ച്ചിന് എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ജസ്റ്റിന്‍ ജോസഫ്, സെക്രട്ടറി എം.എസ്. ദീപക് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.