ജയിലിൽ മരിച്ച റിമാൻഡ് പ്രതിയുടെ ശരീരത്ത് ക്ഷതമേറ്റ പാടുകൾ നിരവധി

പീരുമേട്: സബ് ജയിലിൽ റിമാൻഡിൽ കഴിയവെ മരിച്ച തട്ടിപ്പ് കേസിലെ പ്രതിയുടെ പാദങ്ങളിലും കാലുകളിലും അടിയേറ്റ പാട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം. പാദങ്ങളിലും കാലുകളിലും നിരവധി ക്ഷതങ്ങളാണ് കണ്ടെത്തിയത്. എന്നാൽ, മരണകാരണം ന്യുമോണിയ ബാധയെ തുടർന്നാെണന്നും റിപ്പോർട്ട് പറയുന്നു. കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതുമൂലമാണ് മരണമെന്ന് ആരോപണമുയർന്നിരുന്നു. നെടുങ്കണ്ടം തൂക്കുപാലത്ത് വായ്പ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (50) പീരുമേട് സബ് ജയിലിൽ ജൂൺ 21നാണ് മരിച്ചത്. നെടുങ്കണ്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. രാജ്കുമാറിൻെറ ശരീരത്തെ മുറിവുകളും ക്ഷതങ്ങളും നേരേത്ത ഉണ്ടായിരുന്നതാണെന്നും ഇത് അറസ്റ്റ് രേഖകളിലുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ ക്ഷതങ്ങൾ റിമാൻഡ് റിപ്പോർട്ടിലില്ല. ജൂൺ 13ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ 17നാണ് പീരുമേട് സബ് ജയിലിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണകാരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ശാരീരിക പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് രാജ്കുമാറിനെ പൊലീസ് പീരുമേട് താലൂക്ക് ആശുപത്രിയിലും ജൂൺ 19, 20 തീയതികളിൽ തുടർച്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയിരുന്നു. കാര്യമായ രോഗങ്ങൾ കണ്ടെത്താതിരുന്നതിനാൽ മടക്കി വിടുകയായിരുന്നു. 22ന് രാവിലെ അവശനായി ജയിലിൽ മരിക്കുകയായിരുന്നു. നാലു ദിവസം ഇയാൾ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ മർദനത്തിന് ഇരയായെന്ന ആരോപണം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. എസ്.ഐ, എ.എസ്.ഐ ഉൾപ്പെടെ അഞ്ചുപേരുടെ നേതൃത്വത്തിലാണ് മർദനം നടന്നതെന്നും മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.