സി.എം.എസ്​ കോളജിൽ പുതുചരിത്രമെഴുതാൻ ആദ്യ ട്രാൻസ്​ജെൻഡറുകൾ ഇന്ന്​ പഠനത്തിനെത്തും

കോട്ടയം: വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് എത്താൻ ട്രാൻസ്ജെൻഡറുകളായ അവന്തികയും ഷാന നവാസും കോട്ടയം സി.എം.എസ് കോളജിൽ തിങ്കളാഴ്ച പഠനത്തിനെത്തും. സ്വന്തം 'വ്യക്തിത്വം' രേഖപ്പെടുത്തി ആദ്യദിനം കോളജിൽ എത്തുന്നതിൻെറ ആശങ്കയും സന്തോഷവും ഇരുവരും പങ്കുവെച്ചു. എം.ജി സർവകലാശാല ട്രാൻസ്ജെൻഡറുകൾക്ക് സംവണം ചെയ്ത സീറ്റിൽ നേരിട്ടെത്തി ആദ്യ പ്രവേശനം നേടുകയായിരുന്നു ഇരുവരും. പാലാ സ്വദേശിയായ അവന്തിക (23) ബി.എ ഹിസ്റ്ററിക്കും ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി ഷാന നവാസ് (20) ബി.എ ഇക്കണോമിക്സിനുമാണ് പ്രവേശനം നേടിയത്. നാലുവർഷം മുമ്പ് വീട്ടുകാർ ഇറക്കിവിട്ടതോടെയാണ് 'ജോമോൻ' എന്ന പേരുകാരനായി ജീവിച്ച അവന്തികയുടെ പഠനം മുടങ്ങിയത്. കാണക്കാരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹ്യുമാനിറ്റിസിൽ 79 ശതമാനം മാർക്കോടെ പ്ലസ് ടു പാസായി. സമൂഹത്തിൻെറ 'ഇടപെടൽ' കാരണം പിന്നീട് പഠനം ഉപേക്ഷിച്ചു. എറണാകുളം കളമശ്ശേരിയിൽ സുഹൃത്തുക്കൾെക്കാപ്പമാണ് താമസം. നിലവിൽ ദിവസവും പോയിവന്ന് പഠിക്കും. കോട്ടയത്ത് ട്രാൻസ്ജെൻഡർമാർക്കുവേണ്ടി സർക്കാർ ഷെൽട്ടർ ഹോം ആരംഭിക്കുേമ്പാൾ അവിടേക്ക് മാറും. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടെന്ന് അവന്തിക 'മാധ്യമ'ത്തോട് പറഞ്ഞു. സമൂഹത്തിൻെറ അംഗീകാരം നേടിയെടുക്കാൻ കോളജ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. അഡ്മിഷൻ നേടിയതിനുപിന്നാലെ പാർട്ടി ഓഫിസിൽപോയി നേതാക്കളെയും സഹപ്രവർത്തകരെയും കണ്ട് പിന്തുണ തേടി. ഇത് പുതിയ വിദ്യാർഥി രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കമാകുമെന്നും ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം കൂടിയായ അവന്തിക കൂട്ടിച്ചേർത്തു. സമൂഹത്തിൽനിന്നും വീട്ടിൽനിന്നും നേരിട്ട പ്രശ്നങ്ങൾക്കിടയിൽ പഠനത്തിൽ ആശങ്കയുണ്ടെന്ന് ഷാന നവാസ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇത്രയുംനാൾ പുറത്തുകൂടി ഇറങ്ങി നടക്കുേമ്പാഴായിരുന്നു പ്രശ്നം. കലാലയത്തിൽ എത്തുേമ്പാൾ എല്ലാവരും ഒരേപോലെ കാണുമോയെന്ന ആശങ്കയുണ്ട്. അതുണ്ടാവണമെന്നാണ് പ്രാർഥന. വീട്ടുകാരിൽനിന്നാണ് ഏറ്റവുമധികം എതിർപ്പ് നേരിടുന്നത്. മൂന്നുമാസം മുമ്പ് വീടുവിട്ടിറിങ്ങിയശേഷം ഷാന എറണാകുളം തൃക്കാക്കര ജ്യോതിഭവനിലാണ് താമസിക്കുന്നത്. കൈപ്പുഴ സൻെറ് ജോർജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് അംഗീകാരം നേടിയെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. അതിനായുള്ള പോരാട്ടത്തിൻെറ തുടക്കമാണിത്. പ്രത്യേക രാഷ്ട്രീയതാൽപര്യങ്ങൾ ഒന്നുമില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്നും ഷാന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.