ഉദ്​ഘാടനം കാത്ത്​ തൊടുപുഴ കെ.എസ്​.ആർ.ടി.സി ഡിപ്പോ

തൊടുപുഴ: പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ തുറക്കാത്തത് യാത്രക്കാരെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. ഇൗ മഴ ക്കാലത്തും താൽക്കാലിക സ്റ്റാൻഡിൽ ദുരിതമനുഭവിക്കണമല്ലോ എന്ന ആശങ്കയിലാണ് ജനം. തൊടുപുഴ-ഇടുക്കി റൂട്ടിൽ മൂപ്പിൽകടവ് പാലത്തിന് സമീപം കോടികൾ മുടക്കിയാണ് ആധുനിക രീതിയിലുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോ കം ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചത്. 2013 ജനുവരി പത്തിനാണ് നിർമാണം ആരംഭിച്ചത്. 90 ശതമാനം ജോലികളും പൂർത്തിയായി ഉദ്ഘാടനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു. 12.5 കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു. നിലവിൽ നഗരസഭയുടെ പഴയ ലോറി സ്റ്റാൻഡിലാണ് താൽക്കാലിക ഡിപ്പോ സ്ഥിതിചെയ്യുന്നത്. പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തനം. മഴ പെയ്താൽ ചളിക്കുണ്ടാകും. താൽക്കാലിക ഡിപ്പോയിൽ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള ഇടമോ യാത്രക്കാർക്ക് ബസ് കാത്തിരിക്കാനോ നിൽക്കാനോ സൗകര്യമില്ല. ഒരുമാസം മാസം മുമ്പ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് താൽക്കാലിക ഡിപ്പോയുടെ ഒരു മുറിയിൽ തീപിടിത്തമുണ്ടായി. ബസുകൾ അറ്റകുറ്റപ്പണിക്കായി നിർത്തിയിടുന്നതിനോട് ചേർന്ന മുറിയിലുണ്ടായ തീപിടിത്തം ജീവനക്കാർ കണ്ടതിനാൽ ഒഴിവായി. പുതിയ ഡിപ്പോ ഉടൻ തുറക്കുമെന്ന് പറയുന്നതല്ലാതെ കൃത്യമായ ഉത്തരം നൽകാൻ കെ.എസ്.ആർ.ടി.സി അധികൃതർക്കാകുന്നില്ല. ഡിപ്പോയിലെ ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ ഇനിയും പൂർത്തിയാകാനുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അവസാനവട്ട നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് അധികൃതർ പറയുന്നു. ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ പൂർണമായി ലേലത്തിൽ പോയിട്ടില്ല. ഡിപ്പോ തുറന്നു പ്രവർത്തനം ആരംഭിച്ച ശേഷം ലേലം തുടർന്നാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം. ഇത് നീണ്ടുപോകുന്നത് ഡിപ്പോക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ്‌ കോംപ്ലക്സിൻെറ നിർമാണ പ്രവർത്തനങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ബോർഡ് അംഗം കഴിഞ്ഞ ജൂലൈയിൽ അറിയിെച്ചങ്കിലും യാഥാർഥ്യമായില്ല. ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾ രാത്രി പാർക്ക് ചെയ്യാനുള്ള ഒരിടം മാത്രമായി ടെർമിനൽ മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.