അടിമാലിയില്‍ ഉത്തരവാദിത്ത ടൂറിസം വരുന്നു; മാസ്​റ്റർ പ്ലാൻ ഉടന്‍

അടിമാലി: പഞ്ചായത്തിലെ 21 വാർഡുകളെ കോർത്തിണക്കി ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിന് മുന്നോടിയായി ജനപ്രതിനി ധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും അവലോകന യോഗം ചേർന്നു. മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുകയും അതിലൂടെ കാർഷിക, വ്യവസായിക മേഖലക്ക് കരുത്ത് പകരുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഗോത്ര മേഖലകളിലടക്കം വിനോദസഞ്ചാരയിടങ്ങൾ കണ്ടെത്താനും അതതു സ്ഥലങ്ങളിലെ പ്രത്യേകതകളും താമസ സൗകര്യങ്ങളും ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താനും പഞ്ചായത്ത് നടപടി സ്വീകരിക്കും. ഏകീകൃത നിരക്കിൽ കഷകർക്ക് അവരവരുടെ ഉൽപന്നങ്ങൾ വിനോദസഞ്ചാരികൾക്ക് നേരിട്ട് വിൽപന നടത്താനുമുള്ള പദ്ധതി പഞ്ചായത്ത് പരിശോധിച്ചു വരുകയാണ്. സാഹസിക വിനോദസഞ്ചാരം, ഗോത്രമേഖലകളിലേക്കുള്ള ട്രക്കിങ്, ഫാം ടൂറിസം, ഹൈറേഞ്ചിൻെറ നാടൻ ഭക്ഷണരീതികൾ തുടങ്ങിയവയുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. മൂന്നാറിലടക്കം എത്തുന്ന വിനോദസഞ്ചാരികളെ അടിമാലി പഞ്ചായത്തിലെ പുതിയ വിനോദസഞ്ചാര ഇടങ്ങളിലേക്കുകൂടി എത്തിക്കാനാവശ്യമായ വിവിധ നിർദേശങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ഈ മാസം 14ന് ചേരുന്ന യോഗത്തിൽ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. പുതുതായി കണ്ടെത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൻെറ ഭാഗമായി ഫോട്ടോഗ്രഫി മത്സരം, ടൂറിസം സെമിനാർ എക്സിബിഷൻ തുടങ്ങിയവയും സംഘടിപ്പിക്കാൻ തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.