മധ്യസ്​ഥ ചർച്ചകൾക്ക്​ സഭ നേതൃത്വം

കോട്ടയം: കേരള കോൺഗ്രസിലെ തർക്കങ്ങൾ പിളർപ്പിലേക്കെന്ന സൂചനകൾക്കിടെ, സമവായത്തിന് സഭ ഇടപെടൽ. ചെയര്‍മാന്‍ പദവി യുടെ പേരിലുള്ള തർക്കം പിളർപ്പിലേക്ക് നീങ്ങരുതെന്നാണ് സഭയുടെ നിലപാട്. വ്യാഴാഴ്ച ഇരുവിഭാത്തിലെയും പ്രമുഖ നേതാക്കളുമായി കത്തോലിക്ക സഭയിലെ രണ്ടു ബിഷപ്പുമാര്‍ ഫോണില്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് നിര്‍ദേശിച്ചതായാണ് വിവരം. യോജിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെങ്കില്‍, ഇരുവിഭാഗവും സമാധാന അന്തരീക്ഷത്തിൽ പിരിയണമെന്ന അഭിപ്രായവും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന. നേരേത്തയും സഭ മധ്യസ്ഥതക്ക് ശ്രമിച്ചിരുന്നെങ്കിലും ഇരുവിഭാഗവും ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. അതിനിടെ, പാർട്ടി ഭരണഘടനയെ ചൊല്ലിയും തർക്കം മുറുകുകയാണ്. ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും പാര്‍ട്ടിയുടെ ഭരണഘടന തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് അവകാശപ്പെടുന്നത്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാൻെറ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് എല്ലാ അവകാശവും അധികാരവുമെന്നാണ് ജോസഫ് പക്ഷം വാദിക്കുന്നു. ചെയര്‍മാനെ അഭിപ്രായ ഐക്യത്തിലൂടെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ഭരണഘടനയിൽ പറയുന്നതായും ഇവർ വ്യക്തമാക്കുന്നു. മാത്രമല്ല, പാര്‍ലമൻെററി പാര്‍ട്ടി ലീഡറുടെ അഭാവത്തില്‍ ഡെപ്യൂട്ടി ലീഡര്‍ക്കാണ് പരമാധികാരമുള്ളത്. നിയമസഭ കക്ഷിനേതാവിനെ നിശ്ചയിക്കുന്നത് നിയമസഭ സാമാജികര്‍ മാത്രമാണ്. ഇതാണ് ഭരണഘടനയിൽ പറയുന്നതെന്നും ഇത് അംഗീകരിക്കണമെന്നുമാണ് ജോസഫിനൊപ്പം നിൽക്കുന്നവർ പറയുന്നത്. ജോസ് കെ. മാണി വിഭാഗം ഇതെല്ലാം തള്ളുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന സമിതിക്കാണ് പാര്‍ട്ടിയുടെ പരമാധികാരമെന്നും പാര്‍ട്ടി ഭാരവാഹികളെ നിശ്ചയിക്കാനുള്ള അധികാരവും അവകാശവും ഈ സമിതിക്കാണെന്നും ഇവർ പറയുന്നു. ചെയര്‍മാൻെറ അഭാവത്തെ രണ്ടായിട്ടാണ് ഭരണഘടന വിവക്ഷിച്ചിരിക്കുന്നതെന്നും ഇവർ വാദിക്കുന്നു. ഒന്ന് താല്‍ക്കാലിക അഭാവവും രണ്ട് സ്ഥിരം അഭാവവുമെന്ന രീതിയിലാണ്. താല്‍ക്കാലിക അഭാവമാണെങ്കില്‍ മാത്രം വര്‍ക്കിങ് ചെയര്‍മാന് അധികാരം കൈമാറാന്‍ അവകശമുള്ളത്. നിലവില്‍ ചെയര്‍മാൻെറ സ്ഥിരം അഭാവമാണുള്ളത്. അതിനാല്‍ ചെയര്‍മാനെ പുതുതായി തെരഞ്ഞെടുക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നാണ് ജോസ് കെ. മാണിക്കൊപ്പമുള്ളവര്‍ പറയുന്നത്. കേരള കോണ്‍ഗ്രസിൻെറ ഭരണഘടനയില്‍ പാര്‍ലമൻെററി പാര്‍ട്ടിയില്‍ വരുന്നത് നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവരാണെന്നും ഇവർ പറയുന്നു. എന്നാൽ, രണ്ടുകൂട്ടരും ഭരണഘടന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇൗ തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.