കെവിൻ വധം: രണ്ടാംഘട്ട വിസ്​താരം ഇന്ന്​ ആരംഭിക്കും

കോട്ടയം: കെവിൻ വധക്കേസിൽ രണ്ടാംഘട്ട വിസ്താരം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ആരംഭിക്കും. ഇനി തുടർച്ചയായി ജൂൺ അവസാനം വരെ വിചാരണ നടത്താനാണ് തീരുമാനം. കെവിൻെറ പിതാവ് ജോസഫ്, മാന്നാനത്തെ ബന്ധുവായ അനീഷിൻെറ വീട് സ്ഥിതിചെയ്യുന്നിടത്തെ പഞ്ചായത്ത് അംഗം, കേസിൽ ഉൾപ്പെട്ട പൊലീസുകാർ, സംഭവവുമായി ബന്ധപ്പെട്ട് ഫോൺകാൾ കിട്ടിയവർ ഉൾപ്പെടെ 10 േപരെയാണ് പ്രധാനമായും വിസ്തരിക്കുക. ആദ്യഘട്ട വിസ്താരത്തിൽ കെവിനെ കൊലപ്പെടുത്താൻ പ്രതികൾ നേരത്തേ തീരുമാനിച്ചതിന് വാട്സ്ആപ് സന്ദേശങ്ങൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കെവിൻ കൊല്ലപ്പെട്ടശേഷം ഒളിവിൽപോയി താമസിച്ച കുമളിയിലെ ഹോംസ്റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത് സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. താഴ്ന്ന ജാതിക്കാരനായതിനാലാണ് പിതാവ് ചാക്കോയും സഹോദരൻ ഷാനുവും ചേർന്ന് കെവിൻെറ ജീവനെടുത്തതെന്ന് ഭാര്യ നീനുവും നിർണായക മൊഴി നൽകി. മാതാപിതാക്കൾ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പറഞ്ഞ നീനു, മർദിച്ചതിൻെറയും പിതാവ് പൊള്ളലേൽപിച്ചതി‍ൻെറയും പാടുകൾ കോടതിയിൽ കാണിച്ചു. കെവിൻെറ മൃതദേഹം ഇൻക്വസ‌്റ്റ‌് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം. ചെറിയാനും മൃതദേഹം പുറത്തെടുത്ത ഫയർഫോഴ‌്സ‌് ജീവനക്കാരൻ ഷിബുവും കെവിൻ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുർബലപ്പെടുത്തുന്ന മൊഴികളാണ് നൽകിയത്. ആദ്യഘട്ട വിചാരണയിൽ 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിൻ കൂറുമാറിയിരുന്നു. കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിൻെറ മകൻ കെവിനെ (24) ഭാര്യ നീനുവിൻെറ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മേയ് 27നായിരുന്നു സംഭവം. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിനു കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലക്കുറ്റം ഉൾപ്പെടെ പ്രതികൾക്കെതിരെ 10 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭവനഭേദനം, വീട്ടിൽ അതിക്രമിച്ചുകടക്കൽ, കുറ്റകരമായ തടഞ്ഞുവെക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുഉദ്ദേശ്യം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണു ചുമത്തിയത്. കേസിൽ നീനുവിൻെറ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ ചാക്കോ, സഹോദരൻ ഷാനു എന്നിവരടക്കം 14 പ്രതികളാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ ഹാജരാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.