ശുചീകരണ യജ്ഞം: ശേഖരിച്ച മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യും

കോട്ടയം: ആരോഗ്യജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പരിപാടിയിലൂടെ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ മാലിന് യമുക്തം. ടൺ കണക്കിനു മാലിന്യമാണ് പൊതുസ്ഥലങ്ങളില്‍നിന്നും വീട്ടുപരിസരങ്ങളില്‍നിന്നും ജലാശയങ്ങളില്‍നിന്നും ശേഖരിച്ച് കലക്ഷന്‍ പോയൻറുകളില്‍ എത്തിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശേഖരിച്ച അജൈവ മാലിന്യം കലക്ഷന്‍ പോയൻറുകളില്‍നിന്ന് പ്രധാന സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയശേഷം സമയബന്ധിതമായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം കണ്ടെത്തിയ 19 ഹോട്ട് സ്‌പോട്ടുകളില്‍ 16 എണ്ണം ഉള്‍പ്പെടെ നിരവധി മാലിന്യം തള്ളൽ കേന്ദ്രങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ശുചീകരിച്ചു. ഇവിടങ്ങളില്‍ മാലിന്യം തള്ളുന്നത് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും ചെടികള്‍ െവച്ചുപിടിപ്പിക്കാനും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും പല ഗ്രാമപഞ്ചായത്തുകളും തീരുമാനമെടുത്തിട്ടുണ്ട്. മാലിന്യം തള്ളുന്നത് തടയാന്‍ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ െറസിഡൻറ്സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായികള്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി മോണിറ്ററിങ് സ്‌ക്വാഡ് രൂപവത്കരിക്കും. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടര്‍പ്രവര്‍ത്തനം നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ശുചീകരണവും മാലിന്യശേഖരണവും പൂര്‍ത്തിയാകാനുള്ള സ്ഥലങ്ങളില്‍ അതിന് നടപടി സ്വീകരിക്കണമെന്നും പൊതുസ്ഥലങ്ങളും വീടും പരിസരവും ശുചിയായി സൂക്ഷിക്കാന്‍ ജനം ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. കോട്ടയം നഗരസഭ 30 ടൺ മാലിന്യം ശേഖരിച്ചു കോട്ടയം: നഗരസഭ പരിധിയിൽനിന്ന് 30 ടൺ മാലിന്യം ശേഖരിച്ചതായി മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. േറാഡരികിൽനിന്നും ഓടകളിൽനിന്നും വീടുകളിൽ നിന്നും തരംതിരിച്ച 30 ടൺ മാലിന്യം ശേഖരിച്ചു. മാലിന്യം ടണ്ണിന് 2000 രൂപ നിരക്കിൽ ക്ലീൻ കേരള കമ്പനി നഗരസഭയിൽനിന്നും ഏറ്റെടുക്കും. ട്യൂബ്ലൈറ്റുകൾക്കും സി.എഫ്.എൽ ലാമ്പുകൾക്കും കിലോക്ക് 40 രൂപ നിരക്കിൽ കമ്പനി ഏറ്റെടുക്കും. നഗരസഭയിലെ 52 വാർഡുകളിലും നഗരസഭ ചെയർപേഴ്സൻെറയും വൈസ് ചെയർപേഴ്സൻെറയും ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ നഗരസഭ സാനിട്ടേഷൻ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിവിധ രാഷ്ട്രീയ യുവജന സംഘടന പ്രവർത്തകർ, റെസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ, ഹരിത സഹായ സ്ഥാപനമായ റോയൽ അസോസിയേറ്റ്സ്, ഹരിതകർമ സേനാംഗങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് മാലിന്യം ശേഖരിച്ചത്. ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനുവേണ്ടി നഗരസഭയിലെ ആറ് സ്ഥലങ്ങളിൽ മാലിന്യം ശേഖരിച്ചുവെച്ചിട്ടുണ്ട്. യൂസർ ഫീ ഈടാക്കി സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽനിന്നും വേർതിരിച്ച അജൈവ മാലിന്യം തുടർന്നും ശേഖരിക്കുമെന്നും നഗരസഭ സെക്രട്ടറിമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.