റസീനയുടെ കുടുംബത്തിന്​ ശ്രീലങ്കയുമായി എട്ട്​ പതിറ്റാണ്ട്​ നീണ്ട ബന്ധം

കാസര്‍കോട്: കൊളംബോയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റസീനയുടെ കുടുംബത്തിന് ശ്രീലങ്കയുമായി എട്ട് പതിറ്റാണ്ട് നീണ്ട ബന്ധം. ലങ്കയുടെ പൊതുജീവിതം, രാഷ്ട്രീയം, എൽ.ടി.ടി.ഇ, സംസ്കാരം എന്നിവയുമായൊക്കെ നേരിട്ട് ബന്ധമുള്ള കാസർകോടൻ കുടുംബമാണ് റസീനയുടേത്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കും മുമ്പ് സിലോണുമായി കാസർകോടിനുള്ള ബന്ധം രേഖപ്പെടുത്തിയിരുന്നു റസീനയുടെ പിതാവ് പി.എസ്. അബ്ദുല്ല. പിതാവ് പി.കെ. സൈനുദ്ദീനും ജ്യേഷ്ഠന്‍ പി.എസ്. മുഹമ്മദിനും പിന്നാലെ 1945ലാണ് പി.എസ്. അബ്ദുല്ല ശ്രീലങ്കയിലെത്തുന്നത്. വ്യാപാരം എന്നതിനപ്പുറം ശ്രീലങ്കയിൽ വലിയ ബന്ധങ്ങളാണ് റസീനയുടെ പൂർവികർക്കുണ്ടായിരുന്നത്. 1956ൽ ശ്രീലങ്കന്‍ പൗരത്വം ലഭിച്ച അബ്ദുല്ല വാവുണിയ നഗരസഭയുടെ വൈസ് ചെയര്‍മാനായിരുന്നു. റസീന വളര്‍ന്നതും പഠിച്ചതുമൊക്കെ ശ്രീലങ്കയിലായിരുന്നു. മംഗളൂരു സ്വദേശി ഖാദര്‍ കുക്കാടിയെ വിവാഹം കഴിച്ചശേഷം സ്ഥിരതാമസം ദുൈബയിലായെങ്കിലും ലങ്കയെ വിട്ടുപിരിയാൻ റസീനക്കായില്ല. അവസരം ലഭിക്കുേമ്പാഴെല്ലാം പിതാവിനെയും ബന്ധുക്കളെയും കാണാന്‍ ശ്രീലങ്കയിലെത്തുമായിരുന്നു. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് 1973ല്‍ അബ്ദുല്ലയെ ശ്രീലങ്കന്‍ ഭരണകൂടം ജസ്റ്റിസ് ഓഫ് പീസ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ശ്രീലങ്കയുടെ മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ചത് കാരണം 1989ല്‍ പ്രഭാകരൻെറ നേതൃത്വത്തിലുള്ള എൽ.ടി.ടി.ഇ തീവ്രവാദികള്‍ പി.എസ്. അബ്ദുല്ലയെ റാഞ്ചി ബന്ദിയാക്കിയിരുന്നു. ശ്രീലങ്കന്‍ ഭരണകൂടം വന്‍തുക മോചനദ്രവ്യമായി നല്‍കിയശേഷമാണ് വിട്ടയച്ചത്. 28 ദിവസമാണ് അബ്ദുല്ല എൽ.ടി.ടി.ഇ തടവിൽ കഴിഞ്ഞത്. 1995ല്‍ ശ്രീലങ്കന്‍ പാര്‍ലമൻെറ് െതരഞ്ഞെടുപ്പില്‍ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചു. 30 വര്‍ഷത്തോളം വാവുണിയ ചേംബര്‍ ഓഫ് കോമേഴ്‌സിൻെറയും അഞ്ച് പതിറ്റാണ്ടോളം കാലം വാവുണിയ ഗ്രാൻഡ് ജുമാമസ്ജിദിൻെറയും പ്രസിഡൻറായിരുന്നു. അബ്ദുല്ല നാലുവര്‍ഷം മുമ്പാണ് മരിച്ചത്. ശ്രീലങ്കയിലുണ്ടാകുന്ന ആഭ്യന്തരകലഹങ്ങളിൽ നെഞ്ചിടിപ്പുള്ള കുടുംബങ്ങൾ മൊഗ്രാല്‍പുത്തൂരിലുമുണ്ടായിരുന്നു. പുലികൾ കീഴടങ്ങിയതോടെയാണ് ആശ്വാസമുണ്ടായത്. കൊളംബോയിൽ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടന പരമ്പര ഉണ്ടായതറിഞ്ഞ ബന്ധുക്കള്‍ റസീനയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാൽ, കിട്ടിയില്ല. രാവിലെ വാട്‌സ്ആപ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഏപ്രില്‍ 12ന് ദുൈബയിൽ നടന്ന ബന്ധുവിൻെറ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം കൊളംബോയിലേക്ക് പോയത്. ഞായറാഴ്ച മംഗളൂരുവിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. റസീനയുടെ ഭര്‍ത്താവ് ഖാദര്‍ നേരേത്ത മംഗളൂരു എം.സി.എഫ് കെമിക്കല്‍ കമ്പനിയില്‍ എൻജിനീയറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.