മുല്ലപ്പെരിയാറിനു​ പിന്നാലെ മംഗളാദേവിയും തമിഴ്നാടിന്​ 'വിട്ടുനൽകി' കേരളം

കുമളി: കേരള അധികൃതരുടെ പിടിപ്പുകേടിൻെറ ഫലമായി മുല്ലപ്പെരിയാർ അണക്കെട്ടിനു പിന്നാലെ മംഗളാദേവിടെ നിയന്ത്രണവു ം കേരളത്തിനു നഷ്ടമാകുന്നു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ വെള്ളിയാഴ്ച നടക്കുന്ന ചിത്രാപൗർണമി ഉത്സവത്തിൻെറ കൂടിയാലോചനകൾ തമിഴ്നാട്ടിൽ മാത്രമായി ഒതുക്കിയതിനു കേരളത്തിലെ ഉദ്യോഗസ്ഥർ കൂട്ടുനിന്നു. വർഷങ്ങളായി തേക്കടിയിൽ നടന്നുവന്ന കൂടിയാലോചന യോഗം ഉപേക്ഷിച്ചാണ് ഇടുക്കി കലക്ടറും വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട്ടിൽ പോയി ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇരട്ട വോട്ട് തടയാനെന്ന പേരിലാണ് കമ്പത്ത് യോഗം ചേർന്നത്. ഈ യോഗത്തിൽ മംഗളാദേവി ഉത്സവകാര്യങ്ങളും തീരുമാനിക്കുകയായിരുന്നു. ഇരുസംസ്ഥാനവും സംയുക്തമായാണ് വർഷങ്ങളായി മംഗളാദേവിയിൽ ചിത്രാപൗർണമി ഉത്സവം നടത്തുന്നത്. ഇതിനായി ഇടുക്കി-തേനി കലക്ടർമാരുടെ നേതൃത്വത്തിൽ പൊലീസ്, വനം, ആരോഗ്യം, പഞ്ചായത്ത് ഉൾെപ്പടെ ഉദ്യോഗസ്ഥരുടെയും കുമളി, തേക്കടി ക്ഷേത്ര കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ, തമിഴ്നാട് കണ്ണകി ട്രസ്റ്റ് ഭാരവാഹികൾ എന്നിവരുടെ യോഗം പതിവായി ചേർന്നിരുന്നു. ഇപ്രാവശ്യം ഇതെല്ലാം ഒഴിവാക്കി തമിഴ്നാട് അധികൃതരെയും കണ്ണകി ട്രസ്റ്റ് ഭാരവാഹികളെയും മാത്രം വിളിച്ചുചേർത്താണ് കാര്യങ്ങൾ തീരുമാനിച്ചത്. ഉത്സവദിനത്തിൽ മംഗളാദേവി ക്ഷേത്രത്തിലേക്ക് മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിനും ഇടുക്കി ജില്ല ഭരണകൂടം വിലക്കേർപ്പെടുത്തി. മുൻകൂട്ടി അനുമതി വാങ്ങിയാൽ മാത്രമേ മാധ്യമ പ്രവർത്തകരെയും മംഗളാദേവിയിൽ പ്രവേശിപ്പിക്കൂവെന്നാണ് പുതിയ നിലപാട്. മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് മംഗളാദേവിയിലും വിലക്കും നിയന്ത്രണവും ഏർപ്പെടുത്തിയതിൽ ദുരൂഹതയുണ്ട്. അതിനിടെ, ഉത്സവം സംബന്ധിച്ച് വർഷങ്ങളായി തുടർന്നുവന്ന കീഴ്വഴക്കങ്ങൾ ലംഘിക്കുകയും കൂടിയാലോചനകൾ ഇല്ലാതാക്കി തമിഴ്നാടിൻെറ തീരുമാനങ്ങൾക്കൊപ്പം ചേരുകയും ചെയ്ത കേരളത്തിലെ റവന്യൂ-വനം ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമാണെന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും-ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും 'മാധ്യമ'ത്തോട് പറഞ്ഞു. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സർക്കാറിനെയും കോടതിയെയും സമീപിക്കുമെന്നും അവർ വ്യക്തമാക്കി. പി.കെ. ഹാരിസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.