എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടൽ: ജില്ലയിൽ കെ.എസ്​.ആർ.ടി.സി ബസ്​ സർവിസ്​ താളംതെറ്റും

പത്തനംതിട്ട: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാകുന്നതോടെ ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവിസ് ആകെ താളം തെറ്റും. ജില്ലയിലെ ഏഴു ഡിപ്പോയിൽനിന്നുമായി പിരിച്ചുവിടെപ്പടുക 123 ഡ്രൈവർമാരെയാണെന്നാണ് ഏകദേശ കണക്ക്. കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ അവതാളത്തിലായ സർവിസുകൾ പുനഃസ്ഥാപിച്ചു വരുന്നതിനിടെയാണ് ഇപ്പോൾ ഡ്രൈവർമാരുടെ കാര്യം കുഴപ്പത്തിലായിരിക്കുന്നത്. കണ്ടക്ടർമാരെ പിരിച്ചുവിടാൻ കോടതി ഉത്തരവ് വന്നേപ്പാൾ ജില്ലയിലെ ഏഴ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്നായി 308 എംപാനൽ കണ്ടക്ടർമാർക്ക് തൊഴിൽ നഷ്ടമായിരുന്നു. ഇവർക്ക് പകരം സ്ഥിരം നിയമനം പൂർണമായും ഇതുവരെ നടന്നിട്ടില്ല. ഇപ്പോഴും ഡിപ്പോകളിൽ കണ്ടക്ടർമാരുടെ കുറവ് നിലനിൽക്കുന്നുണ്ട്. ലീവ് വേക്കൻസിയിൽ എംപാനൽ കണ്ടക്ടർമാരെ നിയമിക്കാൻ തീരുമാനമായതോടെ മിക്ക ഡിപ്പോകളിലും ഇത്തരക്കാരായ അഞ്ചു ആറും പേരെ വീതം പ്രതിദിനം നിയമിച്ചാണ് സർവിസുകൾ നടത്തിവരുന്നത്. എംപാനൽ ഡൈവർമാർ കൂട്ടത്തോടെ പിരിച്ചുവിടപ്പെടുന്നത് ഏകദേശം 120ഓളം സർവിസുകൾ പ്രതിദിനം നടത്താനാകാത്ത സ്ഥിതി സംജാതമാകുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. പുതിയ ഡ്രൈവർമാർ നിയമനം നേടി വരുന്നതുവരെ ഇത്രയും സർവിസുകൾ മുടങ്ങുന്നത് കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഗണ്യമായി കുറയുന്നതിന് ഇടയാക്കും. ഇത്രയും ഡ്രൈവർമാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടാൽ ചെയിൻ, ദീർഘദൂര സർവിസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. പത്തനംതിട്ട-ചെങ്ങന്നൂർ, മല്ലപ്പള്ളി-കോഴഞ്ചേരി, പത്തനംതിട്ട-കൊല്ലം സർവിസുകളിലേറെയും എംപാനൽ ഡ്രൈവർമാരാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ഉടൻ ഇവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകേണ്ടിവരും. അടൂർ, കോന്നി, മല്ലപ്പള്ളി, പന്തളം, പമ്പ, റാന്നി, തിരുവല്ല എന്നിവയാണ് ജില്ലയിലെ ഡിപ്പോകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.