രാജധാനി കൂട്ടക്കൊലക്കേസ്: മൂന്ന്​ പ്രതികൾക്കും ഇരട്ട ജീവപര്യന്തം; 17വർഷം കഠിനതടവും​

മുട്ടം (തൊടുപുഴ): അടിമാലി രാജധാനി കൂട്ടക്കൊലക്കേസിലെ മൂന്ന് പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 17വർഷം കഠിനതടവും ശിക്ഷ. 27,500 രൂപവീതം പിഴയൊടുക്കാനും തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഉത്തരവിട്ടു. രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ അടിമാലി പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കർണാടക തുമകൂരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ ഹനുമന്തപുരം സ്വദേശി മധു (രാഗേഷ് ഗൗഡ-26), മധുവി​െൻറ സഹോദരൻ സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചുകടക്കൽ, സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഇവർ ചെയ്തതായി തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. എന്നാൽ, പൊലീസ് ചാർജ് ചെയ്ത ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം) പ്രകാരം ജീവപര്യന്തം തടവും 10,000 രൂപവീതം പിഴയും, പിഴയൊടുക്കാത്തപക്ഷം ആറുമാസം തടവും മൂവരും അനുഭവിക്കണം. 449 (അതിക്രമിച്ചുകടക്കൽ) വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 10,000 രൂപവീതം പിഴയും, പിഴയൊടുക്കാത്തപക്ഷം ആറുമാസം തടവും അനുഭവിക്കണമെന്നുമാണ് വിധി. 392 വകുപ്പ് (കവർച്ച) പ്രകാരം പത്തുവർഷം കഠിനതടവും 5,000 രൂപവീതം പിഴയും, പിഴ യൊടുക്കാത്തപക്ഷം മൂന്നുമാസം കൂടി കഠിനതടവും അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴുവർഷം കഠിനതടവും 2,500 രൂപവീതം പിഴയും, പിഴയൊടുക്കിയില്ലെങ്കിൽ 45 ദിവസം കഠിനതടവും മൂവരും അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 392, 201 വകുപ്പുകളനുസരിച്ച് പത്തും ഏഴും വർഷം വീതമുള്ള കഠിനതടവ് ആകെ പത്തുവർഷം അനുഭവിച്ചാൽ മതിയാകും. പത്തുവർഷം കഠിനതടവിന് ശേഷമാണ് ജീവപര്യന്തം തടവ് ആരംഭിക്കുകയെന്ന് കോടതി പ്രത്യേകം പറഞ്ഞു. പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 2015 ഫെബ്രുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. രാജധാനി ടൂറിസ്റ്റ് ഹോം ഉടമ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെ കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു, മഞ്ജുനാഥ് എന്നിവർ സംഘം ചേർന്ന് കൊലപ്പെടുത്തിയത്. മൂവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങളുമായി പ്രതികള്‍ മുങ്ങി. അടിമാലി സി.ഐ സജി മര്‍ക്കോസി​െൻറ നേതൃത്വത്തിലെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അഴിക്കുള്ളിലായത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ പിന്‍ബലത്തിലാണ് പ്രോസിക്യൂഷന്‍ കേസ് വാദിച്ചത്. 54 സാക്ഷികളിൽ രണ്ടുപേർ കൂറുമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.