ഭക്തിസാന്ദ്രമായി ഏറ്റുമാനൂരില്‍ ഏഴരപ്പൊന്നാന ദര്‍ശനം

ഏറ്റുമാനൂര്‍: പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ഏഴരപ്പൊന്നാനകളെ ദര്‍ശിച്ചും വലിയകാണിക്കയര്‍പ്പിച്ചും സായുജ്യമടഞ്ഞു. ആസ്ഥാനമണ്ഡപത്തില്‍ ശനിയാഴ്ച പുലർച്ച 12നാണ് ഏഴരപ്പൊന്നാന ദര്‍ശനം നടന്നത്. ആസ്ഥാനമണ്ഡപത്തിന് മുന്നിലെ തങ്കക്കുടത്തില്‍ ചെങ്ങന്നൂര്‍ വാഴാര്‍ മഠം പൊന്നുരുട്ടമഠത്തിലെ കാരണവര്‍ ആദ്യം വലിയ കാണിക്കയര്‍പ്പിച്ചു. ആസ്ഥാനമണ്ഡപത്തിലെ ദര്‍ശനത്തിനുശേഷം രണ്ടിന് ഏഴരപ്പൊന്നാനകളെ പുറത്തേക്കെഴുന്നള്ളിച്ചു. വലിയവിളക്കിനോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പിലും ഏഴരപ്പൊന്നാനകളെ ദര്‍ശിച്ച് സായുജ്യമടയാന്‍ വന്‍ഭക്തജന തിരക്ക് അനുഭവപ്പെട്ടു. നെറ്റിപ്പട്ടം കെട്ടിയ ഒമ്പത് ഗജവീരന്മാരും നാഗസ്വരം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയും എഴുന്നള്ളിപ്പിന് അകമ്പടിയേകി. ഏഴരപ്പൊന്നാനദര്‍ശനത്തിനായി നാടി​െൻറ നാനാഭാഗങ്ങളില്‍ എത്തിയ ഭക്തരെക്കൊണ്ട് വൈകീട്ട് തന്നെ ക്ഷേത്രാങ്കണം നിറഞ്ഞുകവിഞ്ഞിരുന്നു. ഗുരുവായൂര്‍ വലിയകേശവന്‍ ഉള്‍പ്പെടെ ഒമ്പത് ഗജവീരന്മാരാണ് എഴുന്നള്ളിപ്പിനുള്ളത്. രാത്രി ചലച്ചിത്രതാരം രമ്യ നമ്പീശ​െൻറ ആനന്ദനടനം തിരുവരങ്ങില്‍ അരങ്ങേറി. ശനിയാഴ്ച പള്ളിവേട്ടയാണ്. ഞായറാഴ്ച ആറാട്ടോടെ പത്ത് ദിവസം നീണ്ട ഉത്സവത്തിന് പരിസമാപ്തിയാകും. കുറിച്ചിത്താനം വിജയന്‍ മാരാര്‍ രാമചന്ദ്രമാരാര്‍ ടീമി​െൻറ പഞ്ചവാദ്യവും മേളചക്രവര്‍ത്തി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ അറുപതില്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്പെഷല്‍ പഞ്ചാരിമേളവും ഉത്സവചടങ്ങുകള്‍ക്ക് കൊഴുപ്പേകും. ഉച്ചക്ക് ഒന്നിനാണ് ഉത്സവബലി ദര്‍ശനം. ഞായറാഴ്ച മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവിലാണ് ആറാട്ട്. ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളുന്ന ഏറ്റുമാനൂരപ്പനെ കോവില്‍പാടത്തുനിന്ന് ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെയാണ്. മകള്‍ സ്ഥാനിയായ പേരൂര്‍കാവ് ഭഗവതിയെ വര്‍ഷത്തിലൊരിക്കല്‍ ഏറ്റുമാനൂരപ്പന്‍ കാണാനെത്തുന്ന ദിനം കൂടിയാണ് ആറാട്ട് നടക്കുന്ന കുംഭത്തിലെ തിരുവാതിര നാള്‍. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന വഴി പേരൂര്‍ ചാലക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശൈവവൈഷ്ണവസംഗമത്തി​െൻറ ഭാഗമായുള്ള ഇറക്കിപൂജയും ആറാട്ടുസദ്യയും നടക്കും. ഏറ്റുമാനൂരില്‍ ഇന്ന് പള്ളിവേട്ട രാവിലെ 7.00 ശ്രീബലി, പഞ്ചവാദ്യം - കുറിച്ചിത്താനം വിജയന്‍ മാരാര്‍ -രാമചന്ദ്രമാരാര്‍, പഞ്ചാരിമേളം - മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ 11.00- മഹാപ്രസാദഊട്ട് 11.30 - ഓട്ടന്‍ തുള്ളല്‍ 12.30 - ചാക്യാര്‍ കൂത്ത് -ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ 1.00 - ഉത്സവബലിദര്‍ശനം 1.30 - സംഗീതസദസ്സ് 4.30 - തിരുവാതിരകളി 5.00 കാഴ്ചശ്രീബലി, വേല, സേവ, കുടമാറ്റം 6.00 - താലപ്പൊലി സമര്‍പ്പണം 9.30 - ഭക്തിഗാനമേള - സിതാര കൃഷ്ണകുമാര്‍, രാത്രി 12.00 പള്ളിനായാട്ട് -ദീപക്കാഴ്ച 3.00 - കരിമരുന്ന് പ്രകടനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.