മറ്റേതെങ്കിലും പാർട്ടിയിലായിരുന്നെങ്കിൽ മണിക്കെതിരെ വൺ...ടൂ...ത്രീ നടപടി *മന്ത്രി മണിക്കെതിരെ സി.പി.​െഎ വിമർശനം

നെടുങ്കണ്ടം (ഇടുക്കി): മന്ത്രി എം.എം. മണി സി.പി.െഎ-സി.പി.എം ബന്ധം വഷളാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നും മറ്റേതെങ്കിലും പാർട്ടിയിലായിരുന്നെങ്കിൽ മണിയുടെ കാര്യത്തിൽ 'വൺ..ടൂ...ത്രീ' നടപടിയുണ്ടാകുമായിരുന്നെന്നും സി.പി.െഎ ജില്ല സമ്മേളനത്തിൽ വിമർശനം. എരിതീയിൽ എണ്ണയൊഴിക്കുന്ന മണിയുടെ സമീപനം സംസ്ഥാനത്തുടനീളം ഇരുപാർട്ടിയുടെയും ബന്ധത്തെ ബാധിച്ചിട്ടുണ്ട്. തിരുത്തിക്കാൻ ശ്രമിക്കേണ്ടവർ അതിന് തയാറാകാത്തത് ഗുണകരമല്ലെന്നും പ്രതിനിധികൾ പറഞ്ഞു. പ്രവർത്തന റിപ്പോർട്ടിലെന്ന പോലെ സി.പി.എം നിലപാടിനെതിരായിരുന്നു ഗ്രൂപ് ചർച്ചയിൽ പെങ്കടുത്തവരുടെയെല്ലാം സംസാരം. ഒരുമിച്ച് പോകണമെങ്കിൽ സി.പി.എം പറയുന്നതിനനുസരിച്ചാകണം നിലപാടെന്ന മനോഭാവമാണ് മണി അടക്കമുള്ളവരുടെ പ്രശ്നം. െഎക്യം സൂക്ഷിക്കാൻ സി.പി.എമ്മിനും ബാധ്യതയുണ്ട്. എന്നാൽ, മണിയുടെ വർത്തമാനത്തിന് അതേനിലയിൽ മറുപടി കൊടുക്കേണ്ടതുണ്ടോ എന്ന സംശയം ചിലർ ഉന്നയിച്ചു. സ്വന്തം മന്ത്രിമാരുടെ പ്രവർത്തനത്തെ വിമർശിച്ചും വിവാദഭൂമിയുടെ പട്ടയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇടുക്കി എം.പിയുടെ നിലപാട് ചോദ്യം ചെയ്തും ചില പ്രതിനിധികൾ രംഗത്തെത്തി. മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, ഇ. ചന്ദ്രശേഖരൻ, കെ. രാജു എന്നിവരുടെ പ്രവർത്തനം മുൻകാല സി.പി.െഎ മന്ത്രിമാർക്കൊത്ത് ഉയരുന്നില്ലെന്നായിരുന്നു പൊതുവിമർശനം. റവന്യൂ വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ ചെറുക്കാനാകുന്നില്ല. വകുപ്പ് ഭരിക്കുന്നത് പാർട്ടി സർവിസ് സംഘടനയായ ജോയൻറ് കൗൺസിലെന്ന ആരോപണവും ഉയർന്നു. വനംവകുപ്പ് സമാന്തര സർക്കാറായാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രവർത്തനം തന്നിഷ്ടം പോലെയും. എന്നാൽ, മന്ത്രിമാരുടെ വകുപ്പുകൾ മികച്ച രീതിയിലാണ് പോകുന്നതെന്നാണ് പ്രതിനിധികളെ അഭിസംബോധന ചെയ്ത വനം മന്ത്രി രാജു പറഞ്ഞത്. ജോയിസ് ജോർജ് എം.പിയുടെ പട്ടയം റദ്ദാക്കിയതിൽ പാർട്ടിയെയും ജില്ല സെക്രട്ടറിയെയും സി.പി.എം പ്രതിക്കൂട്ടിലാക്കി ആക്രമണം തുടർന്നിട്ടും പാർട്ടിക്ക് പങ്കില്ലെന്ന സത്യം പറയാൻ എം.പി തുനിഞ്ഞില്ലെന്നായിരുന്നു പരാതി. തങ്ങളുടെ കൂടി സഹായത്തോടെയാണ് ജയിച്ചതെന്ന മര്യാദ പാർട്ടിയോട് കാണിച്ചില്ലെന്നും ചില അംഗങ്ങൾ പറഞ്ഞു. ജില്ല സെക്രട്ടറി കെ.കെ. ശിവരാമനാണ് ചർച്ച തുടങ്ങിവെച്ചത്. കാനം രാജേന്ദ്രൻ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, പി. പ്രസാദ് എന്നിവർ മുഴുനീളം സമ്മേളനത്തിൽ പെങ്കടുക്കുന്നു. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.