ഹെൽത്തി കേരള: ജില്ലയിൽ ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ പരിശോധന

* 105 സ്ഥാപനങ്ങൾക്കു നോട്ടീസ് തൊടുപുഴ: ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക പ്രശ്നങ്ങൾ. വിവിധ നിബന്ധനകൾ പാലിക്കാത്ത 105 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനവും പൊതുജനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ വിധത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. 44 ഹോട്ടലുകൾക്കും 15 കൂൾബാറുകൾക്കും 26 ബേക്കറികൾക്കും ഒരു കാറ്ററിങ് സ​െൻററിനും രണ്ട് സോഡ നിർമാണ യൂനിറ്റുകൾക്കും ഭക്ഷണം കൈകാര്യം ചെയ്യുന്ന 17 മറ്റ് സ്ഥാപനങ്ങൾക്കുമാണ് നോട്ടീസ്. ആകെ 2200 രൂപ പിഴയീടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതിന് 23 സ്ഥാപനങ്ങൾക്കും കൊതുകി​െൻറ ഉറവിടം കണ്ടെത്തിയതിന് 17 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. മലിനജലം പുറത്തേക്ക് ഒഴുക്കിയ 18 സ്ഥാപനങ്ങൾക്കും മാലിന്യം ശരിയായവിധം സംസ്കരിക്കാത്ത 21 സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചു. പുകവലി നിരോധിത മേഖല എന്ന ബോർഡ് സ്ഥാപിക്കാത്ത 65 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു. 36 സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ശിപാർശ ചെയ്തതായും അധികൃതർ പറഞ്ഞു. തൊടുപുഴ നഗരസഭയിലെ 21 സ്ഥാപനങ്ങളിൽ പരിശോധിച്ചതിൽ പോരായ്മകൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നിയമാനുസൃത നോട്ടീസ് നൽകി. പുകയില നിയന്ത്രണ ബോർഡ് സ്ഥാപിക്കാത്ത ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ബേക്കറികളിൽ കാലാവധി കഴിഞ്ഞ് വിൽപനക്ക് െവച്ചിരുന്ന ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലയിൽ 245 ഹോട്ടലുകൾ, 173 കൂൾബാറുകൾ, 141 ബേക്കറികൾ, 12 കാറ്ററിങ് സ​െൻററുകൾ, 12 സോഡ നിർമാണ യൂനിറ്റുകൾ, ഒരു ഐസ് ഫാക്ടറി ഉൾെപ്പടെ ആകെ 720 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. സുരക്ഷിത ഭക്ഷണം ഉപഭോക്താക്കൾക്ക് എന്ന ലക്ഷ്യത്തോടെ തുടർപരിശോധന നടത്തുമെന്നും നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. പി.കെ. സുഷമ, ടെക്നിക്കൽ അസിസ്റ്റൻറ് കെ.എൻ. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ 57 സ്ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തിയത്. ജനവാസ മേഖലയിൽ കാട്ടാനകൾ; വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധം വണ്ടിപ്പെരിയാർ: ജനവാസ മേഖലയിലേക്ക് കാട്ടാനകൾ കൂട്ടമാെയത്തി വ്യാപക കൃഷിനാശം വരുത്തിയിട്ടും വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം. പെരിയാർ കടുവ സങ്കേതത്തി​െൻറ അതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തിയത്. പുറമെ വീടുകളുടെ മുറ്റത്തുവരെ ആനകൾ എത്തുന്നത് ജനത്തെ ഏറെ ഭീതിയിലാക്കി. വന്യമൃഗങ്ങൾ പ്രവേശിക്കുന്ന വനാതിർത്തി പ്രദേശങ്ങളിൽ സോളാർ വൈദ്യുതി വേലികളോ ട്രഞ്ചുകളോ സ്ഥാപിക്കണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഏതാനും ദിവസങ്ങളായി വള്ളക്കടവ്, തങ്കമല, മാട്ടുപ്പെട്ടി, എച്ച്.പി.സി, മൂലക്കയം പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. ഏലം, കവുങ്ങ്, തെങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചതിലേറെയും. പെരിയാർ കടുവ സങ്കേതത്തി​െൻറ അതിർത്തി പങ്കിടുന്ന പെരിയാർ നദി കടന്ന് സന്ധ്യയോടെ എത്തുന്ന ആനക്കൂട്ടം പുലർച്ചയോടെയാണ് വനത്തിലേക്ക് മടങ്ങുന്നത്. 62ാംമൈൽ, 63ാം മൈൽ തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. തോട്ടങ്ങളിൽ തൊഴിലാളികൾ പകൽ ഏറെ ഭീതിയോടെയാണ് പണിയെടുക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജനവാസ കേന്ദ്രമായ തങ്കമലയിലും വഞ്ചിവയൽ ആദിവാസിക്കുടിക്കും സമീപത്തായി വനംവകുപ്പ് 15 ലക്ഷത്തോളം രൂപ മുടക്കി വൈദ്യുതി ഫെൻസിങ് സ്ഥാപിച്ചെങ്കിലും പരാജയമായിരുന്നു. നാട്ടുകാർ പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയും ടയറുകൾ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് ആനക്കൂട്ടത്തെ ഓടിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. വനം വകുപ്പിൽ വിവരം അറിയിക്കുമെങ്കിലും ആരും തന്നെ എത്താറില്ലെന്നും ആക്ഷേപമുണ്ട്. നഷ്ടപ്പെട്ട വിളകൾക്ക് ആനുപാതിക നഷ്ടപരിഹാരം വനംവകുപ്പ് നൽകാത്തതും കൃഷിക്കാർക്ക് ദുരിതമായി. മൂന്നുമാസം മുമ്പ് ഫോറസ്റ്റ് െഡവലപ്മ​െൻറ് ഏജൻസി (എഫ്.ഡി.എ) വൈദ്യുതി ഫെൻസിങ്, കല്ല് കയ്യാല എന്നിവ നിർമിക്കാനായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിനായി പെരിയാർ കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും പദ്ധതി ആരംഭിച്ചിട്ടില്ല. അധികൃതർ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം വനം വകുപ്പ് ഓഫിസ് ഉപരോധമടക്കമുള്ള സമരങ്ങൾക്ക് തയാറെടുക്കുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.