മലവേടര്‍ വിഭാഗക്കാരായ ഒരു അമ്മയും രണ്ട് പെണ്‍മക്കളും അമ്മൂമ്മയും കഴിയുന്നത് ഉറക്കംപോലും നഷ്ടപ്പെട്ട് എരുമേലി: മഴയും വെയിലുമേറ്റ് ജീവനുപോലും സുരക്ഷയില്ലാതെ ഷെഡില്‍ ഒരു ആദിവാസി കുടുംബം. മുക്കട കോളനിയിലാണ് മലവേടര്‍ വിഭാഗക്കാരായ ഒരു അമ്മയും രണ്ട് പെണ്‍മക്കളും അമ്മൂമ്മയും ജീവിതം തള്ളിനീക്കുന്നത്. കിഴക്കയില്‍ കുട്ടപ്പെൻറ ഭാര്യ ശാരദ (57), മകള്‍ ഐശ്വര്യ (35), മക്കളായ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി രാജലക്ഷ്മി, നാലു വയസ്സുകാരി ഭാനുപ്രിയ എന്നിവർക്ക് ആകെ ആശ്രയം നിലംപൊത്താറായ ഷെഡ് മാത്രം. രോഗിയായ ശാരദയുടെ ഭര്‍ത്താവ് മകനൊപ്പമാണ് താമസം. മകളെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതോടെ വീട്ടുവേല ചെയ്താണ് നിത്യചെലവ് കഴിയുന്നത്. രണ്ടുവര്‍ഷം മുമ്പ് സ്വന്തമായി വാങ്ങിയ നാലുസെൻറ് സ്ഥലത്ത് പണിതതാണ് ഷെഡ്. വീടില്ലാതെ പല സ്ഥലങ്ങളിലായി കഴിഞ്ഞിരുന്ന കുടുംബം മുക്കടയില്‍ താമസം ആരംഭിക്കുകയായിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഷെഡ് പണിതീര്‍ത്തത്. വര്‍ഷങ്ങളായി വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം. അടച്ചുറപ്പില്ലാതെ ഏതുസമയവും നിലംപൊത്താറായ ഷെഡ് മരക്കമ്പുകളിലാണ് താങ്ങി നിര്‍ത്തുന്നത്. മേല്‍ക്കൂര പഴകിദ്രവിച്ചതോടെ മഴവെള്ളം ഒലിച്ചിറങ്ങും. ഭക്ഷണം പാകംചെയ്യുന്നതും അന്തിയുറങ്ങുന്നതുമെല്ലാം ഈ ഷെഡില്‍ തന്നെ. മഴ ശക്തമായാല്‍ കുഞ്ഞുങ്ങളുമായി അയല്‍പക്കത്തെ വീടുകളില്‍ വേണം അഭയം തേടാന്‍. കുട്ടിയുടെ പുസ്തകം നനയാതെ സൂക്ഷിക്കുന്നതിനുപോലും സൗകര്യമില്ലാത്ത നിസ്സഹായാവസ്ഥ. നനഞ്ഞു കുതിർന്ന മണ്‍തറയില്‍ കുട്ടികള്‍ക്ക് കിടക്കാനായി പലകകള്‍ പാകിയുണ്ടാക്കിയ ഒരു കട്ടിലാണ് ആകെയുള്ളത്. പെരുമ്പാമ്പ് ഉള്‍പ്പെടെ ഇഴജന്തുക്കളെ ഷെഡിനുള്ളില്‍ കണ്ടതോടെ ഉറക്കം നഷ്ടപ്പെടുന്ന പല രാത്രികളുമാണ് ശാരദക്കും മകള്‍ക്കും. നാഷനല്‍ സര്‍വിസ് സ്‌കീം പ്രവര്‍ത്തകര്‍ ഒരുവര്‍ഷം മുമ്പ് വീടിനോട് ചേര്‍ന്ന് നിര്‍മിച്ചു നല്‍കിയ ശൗചാലയമാണ് ആകെ ലഭിച്ച സഹായം. പട്ടികവര്‍ഗ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇവര്‍ക്ക് വീടൊരുക്കാൻ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പട്ടിണിയിലും ദുരിതങ്ങള്‍ക്കുമിടയില്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ അധ്വാനിക്കുകയാണ് അമ്മയും അമ്മൂമ്മയും. KTG53 ermly photo മുക്കട കോളനിയിൽ ദുരിതംപേറി കഴിയുന്ന മലവേടര്‍ വിഭാഗക്കാരായ ആദിവാസി കുടുംബം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.