കാർഷികമേഖലയുടെ നിലനിൽപിനും സംരക്ഷണത്തിനും കർഷകർ ഒറ്റക്കെട്ടായി സംഘടിക്കണം ^ മാർ മാത്യു അറക്കൽ

കാർഷികമേഖലയുടെ നിലനിൽപിനും സംരക്ഷണത്തിനും കർഷകർ ഒറ്റക്കെട്ടായി സംഘടിക്കണം - മാർ മാത്യു അറക്കൽ കാഞ്ഞിരപ്പള്ളി: പ്രതിസന്ധിയിലായ കാര്‍ഷികമേഖലയുടെ നിലനില്‍പിനും സംരക്ഷണത്തിനും കര്‍ഷകര്‍ ഒറ്റക്കെട്ടായി സംഘടിച്ചു നീങ്ങണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറക്കല്‍. കേരരള ഫാര്‍മേഴ്‌സ് ഫെഡറേഷ​െൻറ (കെയ്ഫ്) സംസ്ഥാന കര്‍ഷക നേതൃസമ്മേളനം കാഞ്ഞിരപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിതശക്തികളുടെ ഹിതത്തിനനുസരിച്ചാണ് അധികാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അസംഘടിതരായി നില്‍ക്കുന്നതാണ് കര്‍ഷകരുടെ പരാജയം. കാര്‍ഷികപ്രശ്‌നങ്ങളെ സര്‍ക്കാറുകള്‍ നിസ്സാരവത്കരിക്കുന്നത് ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ഇതിന് മാറ്റമുണ്ടാകണമെങ്കില്‍ കര്‍ഷകര്‍ക്ക് രാഷ്ട്രീയ നിലപാടുണ്ടാകണം. ഉൽപാദന, വിപണന, സംഭരണമേഖലകളില്‍ മാറ്റം വരുത്തുകയും കര്‍ഷകന് ഉൽപന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുകയും ചെയ്യുന്നില്ലെങ്കില്‍ മേഖല വരും നാളുകളില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ മുന്‍ എം.പി ജോര്‍ജ് ജെ. മാത്യു അധ്യക്ഷത വഹിച്ചു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി, ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ വി.വി. അഗസ്റ്റിന്‍, ഇന്‍ഫാം കോട്ടയം ജില്ല പ്രസിഡൻറ് മാത്യു മാമ്പറമ്പില്‍, കെ.ഇ.എഫ്.എഫ് സെക്രട്ടറി ജനറല്‍ ജോണി മാത്യു, ജോഷി മണ്ണിപ്പറമ്പില്‍, ജോസഫ് മൈക്കിള്‍ കള്ളിവയലില്‍, ടോണി കുരുവിള ആനത്താനം, ജേക്കബ് സെബാസ്റ്റ്യന്‍ വെള്ളുക്കുന്നേല്‍, അനീഷ് കെ. എബ്രഹാം എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കര്‍ഷക ഫെഡറേഷന്‍ കര്‍ഷക പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കും. ഡിസംബര്‍ ഒന്നിനും രണ്ടിനും കോഴിക്കോട്ടും 15നും 16നും കോട്ടയത്തും ദ്വിദിന നേതൃക്യാമ്പും സമഗ്ര കാര്‍ഷികരേഖ രൂപവത്കരണവും സംഘടിപ്പിക്കും. ജനുവരി മൂന്നാം വാരം കോട്ടയത്ത് സമ്പൂർണ കര്‍ഷക സംസ്ഥാന സമ്മേളനം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.