പാലാ: പാലായിലെ ഗ്രീൻഫീൽഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം സംസ്ഥാന സ്കൂൾ കായികമേളക്കായുള്ള അവസാനവട്ട മിനുക്കുപണികളിൽ. ഒക്ടോബർ 13 മുതൽ 16വരെയാണ് കായികമേള. എന്നാൽ, ലോഗോ പ്രകാശനവും മറ്റ് ഔദ്യോഗിക തീരുമാനങ്ങളും 22ന് നടക്കുന്ന ഉന്നതസമിതി ചർച്ചകളിലെ ഉണ്ടാകൂ എന്നത് മേള നീട്ടിവെക്കുന്നതിന് കാരണമായേക്കും എന്ന് സൂചനയുണ്ട്. സ്റ്റേഡിയത്തിെൻറ അവസാനവട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഗാലറിയുടെയും ശൗചാലയങ്ങളുടെയും നിർമാണമാണ് അവശേഷിക്കുന്നത്. ട്രാക്ക് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള നടപ്പാത ടൈലുകൾ പാകി മനോഹരമാക്കി. ളാലം തോടിെൻറ സംരക്ഷണഭിത്തിയിൽ സ്റ്റെയിൻലെസ് സ്റ്റീൽ കൈവരി സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. പ്രഭാത-സായാഹ്ന നടത്തത്തിനായി പ്രയോജനപ്പെടുംവിധം അരകിലോമീറ്റർ നീളം വരുന്ന നടപ്പാതയുടെ നിർമാണവും പൂർത്തിയായി വരുകയാണ്. പവിലിയൻ കെട്ടിടത്തിലും യാർഡിലും ലൈറ്റുകളും ജലവിതരണ സംവിധാനങ്ങളും ക്രമീകരിച്ചു വരുകയാണ്. കായിക ഉപകരണങ്ങളും സജ്ജമാക്കിവരുകയാണ്. സ്പോർട്സ് എൻജിനീയറിങ് വിങാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. സംരക്ഷണഭിത്തിക്കും മൈതാനത്തിനും ഇടയിലുള്ള ഭാഗത്ത് മണ്ണ് നിരപ്പാക്കുന്ന ജോലികൾ മഴമൂലം മുടങ്ങി. ഇവിടെ മണ്ണിട്ട് നിരത്തി തറയോടുകൾ പാകാനാണ് പദ്ധതിയിട്ടിരുന്നത്. ചളി നിറഞ്ഞതിനാൽ ചിപ്സ് വിരിക്കാനാണ് ഇപ്പോൾ നീക്കം. അയ്യായിരത്തോളം പേർക്ക് ഇരിക്കാനുള്ള പവിലിയൻ കായികമേളക്ക് മുമ്പ് തീർക്കേണ്ടതുണ്ട്. കായികമേള തുടങ്ങുന്നതിന് മുമ്പായി നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തൂണുകളിൽ ഉറപ്പിച്ചു നിർത്തുന്ന ഇരുമ്പ് ഗാലറിയാണ് ഉദ്ദേശിക്കുന്നത്. പലക ഉപയോഗിച്ച് ഇരിപ്പിടമൊരുക്കും. മാലിന്യം ദിനേന നീക്കം ചെയ്യുന്ന എടുത്തുമാറ്റാവുന്ന ശൗചാലയങ്ങളാണ് ഒരുക്കുന്നത്. ഇത്തരത്തിൽ 30 ശൗചാലയങ്ങൾ തയാറാക്കും. ഗാലറിക്കും ടോയ്ലറ്റുകൾക്കുമായി 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രധാന കെട്ടിടത്തിൽ ഒഫീഷ്യലുകൾക്കും മാധ്യമപ്രവർത്തകർക്കും വിവിധ വകുപ്പുകൾക്കും പ്രവർത്തിക്കുന്നതിനുള്ള മുറികൾ ഏറക്കുറെ തയാറായി കഴിഞ്ഞു. അഞ്ച് ടോയ്ലറ്റും ഇവിടുണ്ട്. 15ഓളം താൽക്കാലിക മുറികളും ഒരുക്കിയിട്ടുണ്ട്. സ്കൂൾ കായികമേളയിൽ 95 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ--പെൺ വിഭാഗങ്ങളിലായി 2800-ൽപരം വിദ്യാർഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. മേളയുടെ നിയന്ത്രണത്തിനായി 350 ഒഫീഷ്യൽസും എസ്കോർട്ടിങ് ഒഫീഷ്യൽസായി 200 പേരും പങ്കെടുക്കും. നഗരത്തിലെ ഹോട്ടലുകളും ലോഡ്ജുകളും ഇൗ അഞ്ചു ദിവസത്തേക്ക് ബുക്കിങ്ങായി. ഇവർക്കായി സംവിധാനമൊരുക്കുന്ന നടപടിയും പൂർത്തിയായി വരുകയാണ്. വാഹന പാർക്കിങ്ങാണ് പാലാ നേരിടുന്ന വലിയ പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.