തൊടുപുഴ: ഒരാഴ്ചയായി ജില്ലയിൽ നാശനഷ്ടം വിതച്ച മഴ അൽപമൊന്ന് മാറി പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു ചൊവ്വാഴ്ച. ഹൈറേഞ്ചിൽ ചിലയിടങ്ങളിൽ മഴ പെയ്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല. ലോറേഞ്ചിൽ രാവിലെ പെയ്തതൊഴിച്ചാൽ മഴയുണ്ടായില്ല. മൂന്നാറിലാണ് ചൊവ്വാഴ്ച മഴ തോരാതെ നിന്നത്. ശക്തമായ മഴയോ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ജില്ലയുടെ ഒരു ഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഓരോ വർഷവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വർധിച്ചുവരുന്ന ജില്ലയിൽ ദുരന്തനിവാരണ സംവിധാനം ഇപ്പോഴും അപര്യാപ്തമാണെന്നത് ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായാൽ പുറംലോകവുമായുള്ള ബന്ധം അറ്റുപോകുന്ന നിലയിലാണ് പല പ്രദേശങ്ങളും. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ അടിയന്തര സഹായമെത്തിക്കുന്നതിന് പല പ്രദേശങ്ങളിലും തടസ്സമാണ്. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായാൽ പല പ്രധാന റോഡുകളിലും മണിക്കൂറുകളോളം ഗതാഗതം മുടങ്ങും. കഴിഞ്ഞ രണ്ടുദിവസത്തെ മഴയിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുറക്കേണ്ടി വന്നിട്ടില്ല. ജില്ലയിലെ പല പഞ്ചായത്തുകളും വർഷങ്ങളായി ഉരുൾപൊട്ടൽ ഭീഷണിയിലാണ്. വെള്ളിയാമറ്റം, വെണ്ണിയാനി, അറക്കുളം, അടിമാലി, കട്ടപ്പന, മൂലമറ്റം, നെടുങ്കണ്ടം, ഇടുക്കി, മൂന്നാർ, മുള്ളരിങ്ങാട്, ഇലപ്പള്ളി, കൂവപ്പള്ളി, പൂമാല, മേത്തൊട്ടി തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 22 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളെയാണ് പൊതുവെ ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ളവയായി പരിഗണിക്കുന്നത്. കർഷകർക്ക് മഴ സമ്മാനിച്ചത് കണ്ണീർ തൊടുപുഴ: മണ്ണിൽ പൊന്നുവിളയുന്നത് സ്വപ്നംകണ്ട് കൃഷിയിറക്കിയ ജില്ലയിലെ കർഷകർക്ക് ഇൗ മഴക്കാലം പ്രതിസന്ധിയുടെ കണ്ണീർക്കാലമാണ്. വിലയിടിവും ഉൽപാദനത്തകർച്ചയും രോഗങ്ങൾക്കൊപ്പം കനത്ത മഴയും വില്ലനായതാണ് ജില്ലയിലെ ആയിരക്കണക്കിനു കർഷകരുടെ വയറ്റത്തടിച്ചത്. ബാങ്ക് വായ്പയെയും ബ്ലേഡ് പലിശക്കാരെയും ആശ്രയിച്ച് കൃഷിയിറക്കിയവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പ്രതീക്ഷയോടെ ഇറക്കിയ കൃഷി വിളവെടുക്കാറായപ്പോഴാണ് ഇത്തവണ മഴയെത്തിയിരിക്കുന്നത്. കുടയത്തൂർ, ഉടുമ്പൻചോല പഞ്ചായത്തുകളിലും പീരുമേട് താലൂക്കിലെ പെരുവന്താനം, കൊക്കയാർ, ഏലപ്പാറ, പീരുമേട് പഞ്ചായത്തുകളിലുമാണ് ഏറ്റവും കൂടുതൽ കൃഷി നാശം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്. വാഴ, കൊക്കോ, കാപ്പി, റബർ, കുരുമുളക്, ജാതി, ഏലം, പച്ചക്കറി കൃഷി എന്നിവക്കാണ് ഏറ്റവും കൂടുതൽ നാശം. 8000 കുലച്ച വാഴ, 2500 കുലക്കാത്ത വാഴ, 2000 റബർ, 3500 കാപ്പി, 1000 കൊക്കോ, 5000 കുരുമുളക് ചെടി, ആറ് ഹെക്ടറിലെ ഏലം, രണ്ട് ഹെക്ടർ പച്ചക്കറി എന്നിവയും രണ്ടുദിവസത്തെ മഴ കവർന്നെടുത്തു. മൺസൂൺ ആരംഭം മുതൽ കനത്ത കൃഷി നഷ്ടമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 31,000 കുലച്ചവാഴകൾ നശിച്ചപ്പോൾ 14,000 കുലക്കാത്ത വാഴകളും നഷ്ടപ്പെട്ടു. വെട്ടുന്ന റബർ- 14,000, വെട്ടാത്തത്- 4500, ജാതി കായ്ക്കുന്നത്- 300, കായ്ക്കാത്തത്- 50, കാപ്പി- 5000, തെങ്ങ് -60, കുരുമുളക്- 10,000, ഏലം -51 ഹെക്ടർ, പച്ചക്കറി- 42 ഹെക്ടർ എന്നിവയാണ് മൺസൂണിലെ കൃഷി നഷ്ടം. കാർഷികോൽപന്നങ്ങളുടെ ഉൽപാദനത്തിലൂടെ സംസ്ഥാനത്ത് തന്നെ ഒന്നാമതായി നിൽക്കുന്ന ജില്ലയിലെ കർഷകർ ഇപ്പോൾ കടുത്ത നിരാശയിലാണ്. ഉൽപാദനത്തിൽ തലയുയർത്തി നിന്നിരുന്ന കുരുമുളക്, ഏലം, തേയില എന്നിവക്ക് പുറമെ റബർ മേഖലയിലും പ്രതിസന്ധിയുടെ ആഴം കനത്തതാണ്. അധ്വാനിച്ചിട്ടും നേട്ടമുണ്ടാക്കാൻ കഴിയാത്തതോടെ കർഷകർ പലരും ഹൈറേഞ്ചടക്കമുള്ള മേഖലകളിൽ പിന്മാറുന്ന കാഴ്ചയും കണ്ടുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.